പാകിസ്താന് എഫ്-16 വിമാനങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട പ്രസ്താവന തിരുത്തി അമേരിക്ക

0
97

പാകിസ്താന് എഫ്-16 വിമാനങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട പ്രസ്താവന തിരുത്തി അമേരിക്ക. ഇന്ത്യ ശക്തമായ സമ്മർദ്ദം ചെലുത്തിയതിനെ തുടർന്നാണ് തീരുമാനത്തിൽ വ്യക്തത വരുത്തുന്ന പ്രസ്താവനയുമായി നയതന്ത്ര പ്രതിനിധി നേരിട്ട് രംഗത്തെത്തിയത്.

സൗജന്യ പ്രതിരോധ സഹായമല്ല നൽകുന്നത്. അറ്റകുറ്റപണികൾക്കായുള്ള സഹായമാണ്.അതും റൊക്കം തുക നൽകിയാൽ മാത്രമേ എഫ്-16 വിമാനങ്ങൾക്ക് സഹായം നൽകൂ എന്നാണ് അമേരിക്ക വ്യക്തമാക്കുന്നത്. 450 മില്യൺ അമേരിക്കൻ ഡോളർ ചിലവു വരുന്ന കരാറിനാണ് ബൈഡൻ അനുമതി നൽകിയത്.

‘ഇന്ത്യയുടെ ആശങ്ക മനസ്സിലാക്കുന്നു. അമേരിക്കയുടെ പ്രതിരോധ നയം വ്യക്തമാണ്. എഫ്-16 വിമാനം നേരത്തേ പാകിസ്താനുണ്ട്. അതിന്റെ അറ്റകുറ്റപ്പണികൾക്കാണ് സഹായം നൽകുന്നത്. പല വിമാനങ്ങളും 40 വർഷം പഴക്കമുള്ളവയാണ്. പൈലറ്റുമാർക്കും അത് പറത്തുന്ന സമയത്ത് ആ രാജ്യത്തെ ജനങ്ങൾക്കും വിമാനം വഴി ഒരു അപകടം ഉണ്ടാകാതിരി ക്കാനാണ് ശ്രമം.’ തെക്കൻ-മധ്യ ഏഷ്യ മേഖല ശ്രദ്ധിക്കുന്ന അസിസ്റ്റന്റ് സെക്രട്ടറി ഡൊണാൾഡ് ല്യൂവാണ് വിശദീകരണം നൽകിയത്. നിലവിലെ നയം മാറ്റം ഇന്ത്യയ്‌ക്ക് കടുത്ത ഭീഷണിയാണെന്ന വ്യാപക ആരോപണം ഉയർന്നതോടെയാണ് നയതന്ത്ര പ്രതിനിധി നേരിട്ട് പ്രസ്താവനയുടമായി രംഗത്ത് എത്തിയത്.

മഹാപ്രളയത്തിൽ തകർന്നടിഞ്ഞ പാകിസ്താൻ പ്രതിരോധ രംഗത്ത് എവിടെ നിന്ന് ധനസമാഹരണം നടത്തും എന്ന ചോദ്യം അവശേഷിക്കുകയാണ്. ട്രംപിന്റെ നയങ്ങളെ പൊളിച്ചെഴുതി ജോ ബൈഡൻ പാകിസ്താനുമായി പ്രതിരോധ കരാർ പുതുക്കുന്നുവെന്ന വാർത്ത വാഷിംഗ്ടൺ തന്നെയാണ് പുറത്തുവിട്ടത്.

അമേരിക്കയുടെ എഫ്-16 യുദ്ധവിമാനങ്ങൾ അത്യാധുനികവും മാരക പ്രഹരശേഷി യുള്ളതുമാണ്. പാകിസ്താന് അത് ലഭിച്ചാൽ മേഖലയിൽ അസ്വസ്ഥത കടുക്കുമെന്ന് ഇന്ത്യ രണ്ടു വർഷം മുന്നേ മുന്നറിയിപ്പ് നൽകിയിരുന്നു. പാക് ഭീഷണി ഇന്ത്യ ചൂണ്ടിക്കാണിച്ച ശേഷമാണ് മുൻ പ്രസിഡന്റ് ട്രംപ് പാകിസ്താന് ഒരു ആയുധവും വിൽക്കില്ലെന്ന നിലപാടിലെത്തിയത്. ഈ നയത്തിലാണ് ബൈഡൻ വെള്ളംചേർക്കുന്നത്.

ട്രംപ് ഭരണകാലത്ത് പ്രതിരോധ രംഗത്ത് സ്വീകരിച്ച എല്ലാ നിലപാടുകളും മാറ്റി എഴുതുക എന്ന രീതിയാണ് ജോ ബൈഡനും പെന്റഗണും സ്വീകരിക്കുന്നത്. ട്രംപിന്റെ കാലത്ത് അഫ്ഗാൻ വിട്ട അമേരിക്കൻ സൈന്യം ആയുധങ്ങളും സൈനിക വസ്ത്രങ്ങളടക്കം ഉപേക്ഷിച്ചത് ഭീകരർ കൈക്കലാക്കിയത് വലിയ വാർത്തയായിരുന്നു. ഭീകരർ വഴി പാകിസ്താനും അതേ ആയുധങ്ങൾ ഉപയോഗപ്പെടുത്തിയതും ട്രംപിന് നാണക്കേടായി.

ഭീകരർ അമേരിക്കൻ ആയുധങ്ങൾ കൂട്ടിയിട്ട് വിൽക്കുന്നതും പാകിസ്താനിൽ താലിബാൻ ഭീകരർ സൈന്യത്തിന് നേരെ അമേരിക്കൻ ആയുധങ്ങൾ ഉപയോഗിച്ചതും വലിയ വിവാദമായി. ബൈഡനടക്കമുള്ള അന്നത്തെ പ്രതിപക്ഷം തിരഞ്ഞെടുപ്പ് കാലത്ത് വലിയ ആരോപണമായി അത്തരം സംഭവങ്ങൾ ഉയർത്തിക്കാണിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം നിലനിൽക്കേ പാകിസ്താൻരെ ഭീകരതയ്‌ക്കെതിരെ ശക്തമായ നിലപാട് എടുത്തിരുന്ന അമേരിക്ക സാമ്ബത്തിക-പ്രതിരോധ കാര്യത്തിൽ എടുക്കുന്ന ഇരട്ടതാപ്പാണ് നിലവിലെ നയംമാറ്റമെന്ന ആരോപണം ശക്തമാവുകയാണ്.