ആർട്ടിക് വിഷയങ്ങളിൽ റഷ്യയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്താൻ ഇന്ത്യക്കു താത്പര്യമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഊർജമേഖലയിലും സഹകരണത്തിന് വലിയ സാധ്യതകളുണ്ട്. ഊർജത്തോടൊപ്പം ഫാർമ, ഡയമണ്ട് മേഖലകളിലും കിഴക്കൻ റഷ്യയിൽ ഇന്ത്യ ഗണ്യമായ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും മോദി പറഞ്ഞു.
വ്ലാഡിവോസ്റ്റോക്കിൽ നടക്കുന്ന ഏഴാമത് കിഴക്കൻ സാമ്ബത്തിക ഫോറത്തിൻറെ പ്ലീനറി സെഷനിൽ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി. വ്ലാഡിവോസ്റ്റോക്കിൽ ഇന്ത്യൻ കോൺസുലേറ്റ് സ്ഥാപിതമായതിൻറെ മുപ്പതാം വാർഷികമാണ് ഈ മാസം. ഈ നഗരത്തിൽ ആദ്യമായി കോൺസുലേറ്റ് ആരംഭിച്ച രാജ്യം ഇന്ത്യയാണെന്നും മോദി ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര വടക്കു-കിഴക്ക് ഇടനാഴി, ചെന്നൈ -വ്ളാഡിവോസ്റ്റോക്ക് സമുദ്ര ഇടനാഴി, വടക്കൻ കടൽപ്പാത എന്നിവ ഭാവിവികസനത്തിൽ പ്രധാന പങ്ക് വഹിക്കും. ഇന്ത്യൻ സ്റ്റീൽ വ്യവസായത്തിൻറെ പ്രധാന പങ്കാളിയാകാൻ റഷ്യക്കു കഴിയും.
യുക്രെയ്ൻ സംഘർഷവും കോവിഡ് മഹാമാരിയും ആഗോളവിതരണ ശൃംഖലയിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഭക്ഷ്യധാന്യങ്ങൾ, വളങ്ങൾ, ഇന്ധനങ്ങൾ എന്നിവയുടെ ദൗർലഭ്യം വികസ്വരരാജ്യങ്ങളുടെ പ്രധാന ആശങ്കയാണ്. യുക്രെയ്ൻ സംഘർഷത്തിൻറെ തുടക്കം മുതൽ, നയതന്ത്രത്തിൻറെയും സംഭാഷണത്തിൻറെയും പാത സ്വീകരിക്കേണ്ടതിൻറെ ആവശ്യകത ഇന്ത്യ ഊന്നിപ്പറഞ്ഞിട്ടുണ്ട്. ഈ സംഘർഷം അവസാനിപ്പിക്കാനുള്ള എല്ലാ സമാധാനശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്ക്കുന്നുവെന്നും മോദി പറഞ്ഞു.