മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്നുൾപ്പെടെയാണ് റെയ്‌ന വിരമിക്കുന്നത്. നാല് തവണ ഐപിഎൽ കിരീടം ചൂടിയ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ അവിഭാജ്യ ഘടകമായിരുന്ന റെയ്‌നയെ പക്ഷേ, 2022ൽ നടന്ന ലേലത്തിൽ സ്വന്തമാക്കാൻ ആരും തയ്യാറായിരുന്നില്ല.
ഇടംകയ്യൻ ബാറ്റ്‌സ്മാനായ റെയ്‌ന ഒരു കാലത്തെ ഇന്ത്യൻ ടീമിൽ സ്ഥിര സാന്നിദ്ധ്യമായിരുന്നു. 2011ൽ ലോകകപ്പ് ഉയർത്തിയ ഇന്ത്യൻ ടീമിലെ അംഗമായിരുന്ന റെയ്‌ന വൈറ്റ് ബോൾ ക്രിക്കറ്റിലാണ് കൂടുതൽ ശോഭിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി 226 ഏകദിന മത്സരങ്ങൾ കളിച്ച റെയ്‌ന 35.31 ശരാശരിയിൽ 5615 റൺസ് നേടിയിട്ടുണ്ട്. പുറത്താകാതെ നേടിയ 116 റൺസാണ് ഉയർന്ന സ്‌കോർ.
78 ടി20 മത്സരങ്ങളിൽ ഇന്ത്യൻ കുപ്പായമണിഞ്ഞ റെയ്‌ന 1065 റൺസ് നേടിയിരുന്നു. ടി20 ക്രിക്കറ്റിൽ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡ് സുരേഷ് റെയ്‌നയുടെ പേരിലാണ്. തനിയ്ക്ക് നൽകിയ പിന്തുണയ്ക്ക് ബിസിസിഐയ്ക്കും ചെന്നൈ സൂപ്പർ കിംഗ്‌സിനും ആരാധകർക്കുമെല്ലാം റെയ്‌ന നന്ദി പറഞ്ഞു. 2020 ഓഗസ്റ്റ് 15നാണ് മഹേന്ദ്ര സിംഗ് ധോണിയോടൊപ്പം റെയ്‌നയും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്.