Wednesday
17 December 2025
26.8 C
Kerala
HomeSportsചെസ്സ് താരം ആർ പ്രഗ്നാനന്ദയെ തോൽപ്പിച്ച് അരവിന്ദ് ചിദംബരം

ചെസ്സ് താരം ആർ പ്രഗ്നാനന്ദയെ തോൽപ്പിച്ച് അരവിന്ദ് ചിദംബരം

ലോക ചാമ്പ്യൻ മാഗ്നസ് കാൾസനെ മൂന്നാം തവണയും പരാജയപ്പെടുത്തിയതിൻ്റെ ആത്മവിശ്വാസത്തിൽ പോരാട്ടത്തിനിറങ്ങിയ ആർ പ്രഗ്നാനന്ദയെ ഞെട്ടിച്ച് മറ്റൊരു ഇന്ത്യൻ ചുണക്കുട്ടി. ഇരുപത്തിരണ്ടുകാരനായ ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ അരവിന്ദ് ചിദംബരമാണ് വിസ്‌മയതാരം ആർ പ്രഗ്നാനന്ദയെ ‌പരാജയപ്പെടുത്തി ചരിത്രമെഴുതിയത്. ദുബായ് ചെസ് ഓപ്പണിലാണ് നിർണ്ണായക വിജയം അരവിന്ദ് സ്വന്തമാക്കിയത്. ഇന്ത്യയുടെ ആദ്യ ദേശീയ ട്രിപ്പിൾ ചാമ്പ്യനാണ് അരവിന്ദ് ചിദംബരം.

7.5/9 എന്ന പോയിൻ്റിൽ ഒൻപതാം റൗണ്ടിലാണ് അരവിന്ദിൻ്റെ കിരീടധാരണം. നേരത്തെ ടൂർണമെൻ്റിൽ ആറ് ജയവും മൂന്ന് സമനിലയും അരവിന്ദ് ചിദംബരം സ്വന്തമാക്കിയിരുന്നു. അവസാന റൗണ്ടിൽ വിജയിക്കാൻ അരവിന്ദിന് ഒരു സമനില മതിയായിരുന്നു. ദുബായ് ചെസ് ഓപ്പൺ ഇന്ത്യയെ സംബന്ധിച്ച് അഭിമാന നിമിഷങ്ങളുടെ വേദികൂടിയായിരുന്നു. ടൂർണമെൻറിൽ നാല് മുതൽ ഏഴ് വരെയുള്ള സ്ഥാനങ്ങൾ സ്വന്തമാക്കിയതും ഇന്ത്യൻ താരങ്ങളാണ്.

കഴിഞ്ഞ ആഴ്ചകളിൽ വാർത്തകളിൽ നിറഞ്ഞു നിന്ന താരമായിരുന്നു ആർ പ്രഗ്നാനന്ദ. ലോക ചാമ്പ്യൻ മാഗ്നസ് കാൾസനെ മൂന്നാം തവണയും പരാജയപ്പെടുത്തിയതിലൂടെയാണ് പ്രഗ്നാനന്ദ താരമായത്. ആ ആത്മവിശ്വാസത്തിലാണ് 17കാരനായ പ്രഗ്നാനന്ദ ദുബായ് ചെസ് ഓപ്പണിൽ മത്സരിക്കാനിറങ്ങിയതും. എന്നാൽ ഒരു ഇന്ത്യൻ താരത്തിൻ്റെ തന്നെ നീക്കങ്ങളിൽ പ്രഗ്നാന്ദയ്ക്ക് അടിപതറുകയായിരുന്നു. മത്സരത്തിൽ പങ്കെടുത്ത ഇരു താരങ്ങളെയും പരിശീലകൻ രമേഷ് ആർബി അഭിന്ദിച്ചു.

ഏഴ് പോയിൻ്റുകൾ വീതം നേടിയ പ്രഗ്നാനന്ദയും റഷ്യൻ ഗ്രാൻ്റ് മാസ്റ്റർ പ്രെഡ്‌കെ അലക്‌സാണ്ടറും രണ്ടാം സ്ഥാനം പങ്കിട്ടു. നേരത്തെ, ചിദംബരം അർജുൻ എരിഗൈസിയെ 7/8 ന് പരാജയപ്പെടുത്തിയിരുന്നു. അതിന് പിന്നാലെയായിരുന്നു മാഗ്നസ് കാൾസനെ തകർത്ത പ്രഗ്നനാന്ദയുമായുള്ള മത്സരം. ഇന്ത്യയുടെ ആദ്യത്തെ ദേശീയ ട്രിപ്പിൾ ക്രൗൺ ചാമ്പ്യനായ ചിദംബരം നിലവിലെ ദേശീയ റാപ്പിഡ്, ബ്ലിറ്റ്‌സ് ചാമ്പ്യൻ കൂടിയാണ്. മുൻകൂട്ടി നിശ്ചയിച്ച സെലക്ഷൻ മാനദണ്ഡങ്ങൾ അനുസരിച്ച് യോഗ്യത നേടാൻ കഴിയാതിരുന്ന ചിദംബരത്തിന് ചെസ്സ് ഒളിമ്പ്യാഡിൽ പങ്കെടുക്കാനായിരുന്നില്ല.

മിയാമിയിലെ എഫ്ടിഎക്സ് ക്രിപ്റ്റോ കപ്പ് ചെസ് ചാമ്പ്യൻഷിപ്പിലാണ് കാൾസനെ കഴിഞ്ഞ മാസം പ്രഗ്നാനന്ദ മൂന്നാം തവണയും അട്ടിമറിച്ചത്. നേരത്തെ ഫെബ്രുവരിയിൽ ഓൾലൈൻ റാപിഡ് ചെസ് ചാമ്പ്യൻഷിപ്പിലും മെയ് 20ന് ചെസ്സബിൾ മാസ്‌റ്റേഴ്സ് ഓൺലൈൻ ടൂർണമെൻ്റിലും കാൾസനെ പ്രഗ്നാനന്ദ തോൽപ്പിച്ചിരുന്നു. ഇതോടെ വിശ്വനാഥൻ ആനന്ദിനും ഹരികൃഷ്ണനും ശേഷം കാൾസനെ തോൽപിക്കുന്ന ഇന്ത്യൻതാരമായി പ്രഗ്നാന്ദ മാറിയിരുന്നു.

RELATED ARTICLES

Most Popular

Recent Comments