ഗോർബച്ചേവിന് ഔദ്യോഗിക ബഹുമതികൾ നിഷേധിച്ച്‌ പുടിൻ

0
53

സോവിയറ്റ് യൂനിയന്റെ അവസാന പ്രസിഡന്റായിരുന്ന മിഖായേൽ ഗോർബച്ചേവിന്റെ സംസ്കാരചടങ്ങുകളിൽ നിന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ വിട്ടുനിൽക്കും. മുൻ പ്രസിഡന്റ് ബോറിസ് യെൽറ്റ്‌സിന് നൽകിയ എല്ലാ സംസ്ഥാന ബഹുമതികളും ഗോർബച്ചേവിന് പുടിൻ നിഷേധിക്കുകയായിരുന്നു. ശനിയാഴ്ച മോസ്കോയിലെ ഹാൾ ഓഫ് കോളംസിൽ നടക്കുന്ന പൊതുചടങ്ങിനു ശേഷം ഗോർബച്ചേവിനെ അടക്കം ചെയ്യാനാണ് തീരുമാനം. ഗോർബച്ചേവിന്റെ മരണത്തിനു ശേഷം 15മണിക്കൂർ കഴിഞ്ഞാണ് പുടിൻ അനുശോചിച്ചതു തന്നെ.

സോവിയറ്റ് നേതാക്കളായ വ്ലാദിമിർ ലെനിൻ, ജോസഫ് സ്റ്റാലിൻ, ലിയോനിഡ് ബ്രെഷ്‌നെവ് എന്നിവരുടെ ശവസംസ്‌കാര ചടങ്ങുകൾ ഗ്രാൻഡ് ഹാളിലാണ് നടന്നത്. ഗോർബച്ചേവിന് സൈനിക ഗാർഡ് ഓഫ് ഓണർ നൽകാൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ഔദ്യോഗിക ബഹുമതികളോടെയുള്ള സംസ്കാരം നടക്കില്ല.

മോസ്കോയിലെ സെൻട്രൽ ക്ലിനിക്കൽ ഹോസ്പിറ്റലിൽ ഗോർബച്ചേവിന്റെ മൃതദേഹ പേടകത്തിനു സമീപം പുടിൻ ചുവന്ന റോസാപ്പൂക്കൾ വയ്ക്കുന്ന ദൃശ്യം സ്റ്റേറ്റ് ടെലിവിഷൻ കാണിച്ചിരുന്നു. പേടകത്തിന്റെ അരികിൽ അൽപനേരം സ്പർശിക്കുന്നതിനു മുമ്ബ് പുടിൻ റഷ്യൻ ഓർത്തഡോക്സ് ശൈലിയിൽ കുരിശു വരച്ചു. വ്യാഴാഴ്ചയാണ് ഗോർബച്ചേവ് അന്തരിച്ചത്.

നിർഭാഗ്യവശാൽ തിരക്കു പിടിച്ച ഷെഡ്യൂൾ കാരണം പ്രസിഡന്റിന് ഗോർബച്ചേവിന്റെ സംസ്കാര ചടങ്ങുകളിൽ പ​ങ്കെടുക്കാൻ സാധിക്കില്ലെന്ന് റഷ്യൻ പാർലമെന്റ് വക്താവ് ദിമിത്രി പെസ്കോവ് അറിയിച്ചു. 2007ൽ യെൽറ്റ്സിൻ മരിച്ചപ്പോൾ, പുടിൻ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. ലോക നേതാക്കൾക്കൊപ്പം മോസ്കോയിലെ കത്തീഡ്രൽ ഓഫ് ക്രൈസ്റ്റ് ദി സേവറിൽ നടന്ന സംസ്‌കാര ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. സോവിയറ്റ് യൂനിയന്റെ തകർച്ചയെ 20ാം നൂറ്റാണ്ടിലെ വലിയ രാഷ്ട്രീയ ദുരന്തം എന്നായിരുന്നു പുടിൻ വിശേഷിപ്പിച്ചത്.