യുവാവിന് കോവിഡും മങ്കിപോക്സും എച്ച്.ഐ.വിയും ഒരേസമയം സ്ഥിതീകരിച്ചു; ഇത് ലോകത്തിൽ ആദ്യം

0
110

ലോകത്തെ പലരാജ്യങ്ങളിലും മങ്കിപോക്സ് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഒരിടവേളയ്ക്കു ശേഷം കോവിഡ് നിരക്കും കൂടുന്നുണ്ട്. കോവിഡിനു പിന്നാലെ മങ്കിപോക്സും വന്ന അനുഭവങ്ങൾ പങ്കുവെച്ചവരുണ്ട്. ഇപ്പോഴിതാ കോവിഡും മങ്കിപോക്സും എച്ച്.ഐ.വിയും ഒരേസമയം സ്ഥിരീകരിച്ച യുവാവിന്റെ വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഇറ്റലിയിൽ നിന്നുള്ള മുപ്പത്തിയാറുകാരനാണ് മൂന്നുരോ​ഗവും ഒരേസമയം സ്ഥിരീകരിച്ചത്.

ജേർണൽ ഓഫ് ഇൻഫെക്ഷനിലാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പേരുവെളിപ്പെടുത്താത്ത വ്യക്തി സ്പെയിനിൽ അഞ്ചുദിവസത്തെ യാത്ര കഴിഞ്ഞു വന്നതിനു പിന്നാലെയാണ് രോ​ഗലക്ഷണങ്ങൾ പ്രകടിപ്പിച്ചത്. പനിയും തൊണ്ടവേദനയും തലവേദനയും ക്ഷീണവുമാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്. യാത്ര കഴിഞ്ഞെത്തി ഒമ്പതുദിവസത്തിനുള്ളിലാണ് രോ​ഗലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങിയത്. പിന്നാലെ ചർമത്തിലും ശരീരത്തിലെ മറ്റുപലഭാ​ഗങ്ങളിലും ചൊറിച്ചിലും കുമിളകളും പ്രത്യക്ഷപ്പെട്ടു തുടങ്ങുകയും ചെയ്തു. ലക്ഷണങ്ങൾ തീവ്രമായതോടെ ആശുപത്രിയിലെത്തുകയായിരുന്നു.

മലദ്വാരത്തിന്റെ ഭാ​ഗത്തിൽ ഉൾപ്പെടെ വിവിധ ഭാ​ഗങ്ങളിൽ മുറിവുകളും കാണപ്പെട്ടു. കരളിന്റെയും പ്ലീഹയുടെയും വികാസവും കാണപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മങ്കിപോക്സ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. വൈകാതെ എച്ച്.ഐ.വി പോസിറ്റീവാണെന്ന റിസൽട്ടും വന്നു. ഇക്കൂട്ടത്തിലാണ് ഒമിക്രോൺ വകഭേദമായ BA.5.1 ഉം സ്ഥിരീകരിച്ചത്. യുവാവ് ഫൈസർ വാക്സിൻ ഇരുഡോസുകളും സ്വീകരിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ഓ​ഗസ്റ്റ് പത്തൊമ്പതിനാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് ജേർണൽ ഓഫ് ഇൻഫെക്ഷനിൽ പ്രസിദ്ധീകരിച്ചത്. ഒരാഴ്ച്ചത്തെ ആശുപത്രിവാസത്തിനു പിന്നാലെ ഇദ്ദേഹം വീട്ടിലെത്തുകയും ചെയ്തു. നിലവിൽ കോവിഡ്, മങ്കിപോക്സ് എന്നീ രോ​ഗങ്ങളിൽ നിന്നും മുക്തനായെന്നും എയ്ഡിസിനുള്ള ചികിത്സ പുരോ​ഗമിക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

മങ്കിപോക്സും കോവിഡും എയ്ഡ്സും ഒരുമിച്ച് സ്ഥിരീകരിക്കപ്പെടുന്ന ലോകത്തെ ആദ്യത്തെ സംഭവമാണ് ഇതെന്ന് ​ഗവേഷകർ അഭിപ്രായപ്പെടുന്നു.