കലൂർ ഖാദി ടവറിൽ ഒന്നരകോടി രൂപയുടെ വില്പന: ഓണക്കാലത്ത് ഖാദിക്ക് പ്രിയമേറുന്നു

0
83

കലൂർ ഖാദി ടവർ ഷോ റൂമിൽ ഓഗസ്റ്റ് രണ്ട് മുതൽ ആരംഭിച്ച ഓണം ഖാദി മേള-2022 ൽ ഇതുവരെ ഒന്നര കോടി രൂപയുടെ വിറ്റുവരവ്. കഴിഞ്ഞ വർഷങ്ങളുടെ വിൽപ്പന കണക്കാക്കിയാൽ ഇത് ഇരട്ടിയാണ്. കേരളത്തിന്റെ തനതായ വസ്ത്ര ശേഖരത്തിനൊപ്പം മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങളും ഇവിടെ ലഭ്യമാണ്. ഓണത്തോടനുബന്ധിച്ച് സെപ്റ്റംബർ 7 വരെ എല്ലാ ഉൽപ്പന്നങ്ങൾക്കും 30 ശതമാനം റിബേറ്റ് ലഭിക്കും. കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിന്റെ ഡയറക്ട് മാർക്കറ്റിംഗിന്റെ നിയന്ത്രണത്തിലാണ് ഖാദി ഗ്രാമ സൗഭാഗ്യ പ്രവർത്തിക്കുന്നത്.

സിൽക്ക് സാരികൾക്കാണ് ആവശ്യക്കാർ കൂടുതൽ. കോപ്പർ ഡിസൈനിൽ കേരളത്തിൽ ഇവിടെ മാത്രം ലഭിക്കുന്ന ടി.എൻ.ആർ എന്നറിയപ്പെടുന്ന പുതിയ സിൽക്ക് സാരിക്ക് വൻ സ്വീകാര്യതയാണു ലഭിക്കുന്നത്. 12,000 രൂപ മുതലാണ് സാരിക്ക് വില.

പാലക്കാട് ജില്ലയുടെ ശ്രീകൃഷ്ണപുരം പട്ടു സാരികളാണ് വിൽപനയിൽ രണ്ടാമത്. പ്രിന്റഡ് സാരി, ഡ്യൂപിയോൺ സിൽക്ക്, ടസർ സിൽക് മുതലായ അനേകം വിഭാഗങ്ങളിലായാണ് സാരി ശേഖരം ഒരുക്കിയിരിക്കുന്നത്. 3000 മുതൽ 15000 രൂപ വില വരുന്ന സാരികളാണുള്ളത്. റിബേറ്റ് നിരക്ക് കഴിഞ്ഞ് കൈയിലൊതുങ്ങുന്ന വിലയിൽ ഇഷ്ടമുള്ള വസ്ത്രം ഓണക്കാലത്ത് സ്വന്തമാക്കാൻ ഖാദി ഗ്രാമ സൗഭാഗ്യയിലൂടെ സാധിക്കും.

പുരുഷൻമാർക്കായി സിൽക്കിലും കോട്ടനിലുമായി വിവിധ ഡിസൈനിലുള്ള 5000 ൽ പരം ഷർട്ടുകൾ ലഭിക്കും. മുണ്ടുകൾ, പുതപ്പ്, ബെഡ് ഷീറ്റ്, കരകൗശല വസ്തുക്കൾ, സെറ്റ് മുണ്ട്, റെഡിമെയ്ഡ് വസ്ത്രങ്ങൾ, റണ്ണിംഗ് മെറ്റീരിയൽ തുടങ്ങി വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളുമുണ്ട്. ഉപയോക്താക്കൾക്കായി സ്വർണ സമ്മാന പദ്ധതിയും ഒരുക്കിയിട്ടുണ്ട്. ഓണത്തിരക്കിലാണെങ്കിലും വരും ദിനങ്ങളിൽ വിൽപനയിൽ വൻ വർധനയാണ് പ്രതീക്ഷിക്കുന്നതെന്ന് ഖാദി ഗ്രാമ സൗഭാഗ്യയുടെ മാനേജർ ലതീഷ് കുമാർ പറഞ്ഞു.