രാജ്യത്തിനുതന്നെ മാതൃകയാകുന്ന ‘മെഡിസെപ്’ ചികിത്സാ പദ്ധതി

0
132

രാജ്യത്തിനുതന്നെ മാതൃകയാകുന്ന കാഷ്ലസ് ചികിത്സാ പദ്ധതിയാണ് മെഡിസെപ്. എന്നാൽ മെഡിസെപ് പദ്ധതിക്കെതിരെ ചില വാർത്തകൾ വരുന്നത് ശ്രദ്ധയിൽപ്പെടുന്നുണ്ട്. പല വാർത്തകളും ആസൂത്രിതമാണ് എന്ന് പറയാതെ വയ്യ. ഒരു പദ്ധതി തുടങ്ങുമ്പോഴുണ്ടാകുന്ന ബാലാരിഷ്ടതകളും ചെറിയ ബുദ്ധിമുട്ടുകളും ആദ്യ ദിവസങ്ങളിൽ ചിലയിടങ്ങളിലൊക്കെ മെഡിസെപ്പുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നു എന്നത് യാഥാർത്ഥ്യമാണ്. അപൂർവം ചില ആശുപത്രികൾ പദ്ധതിയെ പൂർണമായി ഉൾക്കൊള്ളാത്ത സ്ഥിതിയും ഉണ്ടായിരുന്നു.

എന്നാൽ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ അതിൽ ഇടപെടാനും ഭൂരിഭാഗവും പരിഹരിക്കാനും സർക്കാരിനും പദ്ധതിയുടെ നടത്തിപ്പുകാരായ ഓറിയന്റൽ ഇൻഷുറൻസ് കമ്പനിക്കും കഴിഞ്ഞിരുന്നു. അംഗങ്ങൾക്ക് അത് ബോധ്യമുള്ളതുമാണ്. കേരളത്തിലെ 11 ലക്ഷത്തോളം വരുന്ന സർക്കാർ ജീവനക്കാരും പെൻഷൻകാരും അവരുടെ 20 ലക്ഷത്തിലധികം വരുന്ന ആശ്രിതരും ഉൾപ്പെടെ 30 ലക്ഷത്തിലധികം ആളുകൾ ഈ പദ്ധതിയെ ഇതിനകം ഹാർദ്ദമായി വരവേറ്റു കഴിഞ്ഞിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. ചുവടെയുള്ള കണക്കുകളിൽ നിന്ന് തന്നെ അത് ബോധ്യപ്പെടും.
പദ്ധതി നിലവിൽ വന്ന 2022 ജൂലൈ ഒന്നു മുതൽ ഓഗസ്റ്റ് 13 വരെയുള്ള 44 ദിവസം കൊണ്ട് 42.9 കോടി രൂപയുടെ 12743 ക്ലൈമുകളാണ് മെഡിസെപ്പിൽ ഇതിനകം അംഗീകരിച്ചത്. ഇതിൽ 32.45 കോടി രൂപയുടെ ക്ലെയിം ഇൻഷുറൻസ് കമ്പനിയും ആശുപത്രികളും തമ്മിൽ തീർപ്പാക്കിക്കഴിഞ്ഞു. ഇവയിൽ 95.67% ക്ലെയിമുകളും സ്വകാര്യ ആശുപത്രികളിൽ നിന്നുള്ളവയാണ്.

അവയവം മാറ്റിവയ്ക്കൽ ഉൾപ്പെടെയുള്ള ഗുരുതരമായ രോഗങ്ങളുടെ ചികിത്സയ്ക്കായി രൂപീകരിച്ചിട്ടുള്ള കോർപ്പസ് ഫണ്ടിൽ നിന്നും 1.59 കോടി രൂപ അനുവദിച്ചു കഴിഞ്ഞു. അതിന്റെ കണക്കുകൾ ചുവടെ ചേർക്കുന്നു.
മുട്ടു മാറ്റിവയ്ക്കൽ — 111
മജ്ജ മാറ്റിവയ്ക്കൽ — 1
കരൾ മാറ്റിവെക്കൽ—- 3
ഇടുപ്പ് മാറ്റിവയ്ക്കൽ —13
വൃക്ക മാറ്റിവയ്ക്കൽ – ൨

ജില്ലകളുടെ കണക്കെടുത്താൽ 2695 ക്ലെയിമുകൾ അംഗീകരിച്ച കോഴിക്കോടാണ് മുന്നിൽ. എറണാകുളം 2339 മലപ്പുറം 1808 തിരുവനന്തപുരം 1735 കൊല്ലം 1618 എന്നിങ്ങനെ വിവിധ ജില്ലകളിൽ മികച്ച നിലയിൽ ഗുണഭോക്താക്കൾക്ക് സേവനം ലഭ്യമായിട്ടുണ്ട്.
ആശുപത്രികളുടെ കണക്കെടുത്താൽ 407 കേസുകൾ ഇതിനകം അംഗീകരിച്ച കൊല്ലത്തെ എൻ.എസ്. സ്മാരക സഹകരണ ആശുപത്രിയാണ് മുന്നിൽ. തൃശ്ശൂർ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് 389 ഉം മലപ്പുറം പെരിന്തൽമണ്ണ ഇ.എം.എസ് സഹകരണ ആശുപത്രി 363ഉം ക്‌ളെയിമുകൾ അംഗീകരിച്ചു.

ചെറിയ പ്രശ്നങ്ങൾ ഊതിപ്പെരിപ്പിച്ചും തെറ്റായ വാർത്തകൾ നൽകിയും സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും സ്വപ്ന പദ്ധതിയായ മെഡിസപ്പിനെ തകർക്കാനുള്ള നീക്കങ്ങൾ ചെറുത്തു തോൽപ്പിക്കേണ്ടതുണ്ട്.