പൊൻ‌മുടിയിൽ മണ്ണിടിഞ്ഞു

0
56

തിരുവനന്തപുരം പൊന്‍മുടിയില്‍ വീണ്ടും മണ്ണിടിഞ്ഞു. പുതുക്കാട് എസ്റ്റേറ്റിന് സമീപമുള്ള റോഡിലാണ് മണ്ണിടഞ്ഞത്. രാവിലെ എട്ട് മണിയോടെ വലിയ പാറക്കഷ്ണങ്ങളടക്കം റോഡിലേക്ക് ഇടിഞ്ഞ് വീഴുകയായിരുന്നു.

പൊന്‍മുടി ടൂറിസം കേന്ദ്രത്തിലേക്കുള്ള യാത്ര നിലവില്‍ നിരോധിച്ചിരിക്കുകയാണ്. അതുകൂടാതെ നൂറോളം കുടുംബങ്ങള്‍ താമസിക്കുന്ന എസ്റ്റേറ്റ് ലയങ്ങളിലേക്കുള്ള റോഡും അടഞ്ഞു. ഇവിടെ താമസിക്കുന്നവര്‍ പുറത്തേക്ക് യാത്ര ചെയ്യാനാകാത്ത അവസ്ഥയിലാണ്.

ഇതിനിടെ വെള്ളപ്പൊക്കത്തെ തുടർന്ന് തിരുവല്ല താലൂക്കിൽ 17 ദുരിതാശ്വാസ ക്യാമ്പുകൾ കൂടി തുറന്നു. ഇന്നലെ രാത്രിയിലും ഇന്ന് രാവിലെയുമായാണ് പുതിയ ക്യാമ്പുകൾ തുറന്നത്. ഇതോടെ താലൂക്കിലാകമാനം തുറന്ന ക്യാമ്പുകളുടെ എണ്ണം 42 ആയി. വിവിധ ക്യാമ്പുകളിലായി 422 കുടുംബങ്ങളിലെ 1315 പേരെയാണ് മാറ്റിപ്പാർച്ചിരിക്കുന്നത്. വെള്ളം ഉയരുന്ന പശ്ചാത്തലത്തിൽ കൂടുതൽ സ്ഥലങ്ങളിൽ ക്യാമ്പുകൾ തുറക്കേണ്ട സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് തഹസിൽദാർ പി. ജോൺ വർഗീസ് പറഞ്ഞു.