ദേഹത്ത് കോണ്‍ക്രീറ്റ് പാളി കെട്ടിയ നിലയില്‍ ടാങ്കര്‍ ലോറി ഡ്രൈവറുടെ മൃതദേഹം പെരിയാറില്‍

0
54

വരാപ്പുഴ: ദേഹത്ത് കോണ്‍ക്രീറ്റ് പാളി കെട്ടിയ നിലയില്‍ ടാങ്കര്‍ ലോറി ഡ്രൈവറുടെ മൃതദേഹം പെരിയാറില്‍ കണ്ടെത്തി. ഈസ്റ്റ് കൊരട്ടി തിരുമുടിക്കുന്ന് തെക്കിനിയത്ത് ടി.ഡി. ആന്റണി (ജോണി-64) യുടെ മൃതദേഹമാണ് ശനിയാഴ്ച രാവിലെ പെരിയാറില്‍ വരാപ്പുഴ മണ്ണംതുരുത്ത് ഭാഗത്ത് പൊങ്ങിയത്. ആറു കിലോയോളം ഭാരമുള്ള കോണ്‍ക്രീറ്റ്പാളി ദേഹത്ത് കെട്ടിയിരുന്നു.
മുമ്പ് ജോണി ഓടിച്ചിരുന്ന ടാങ്കര്‍ ലോറി ഇടിച്ച് ഒരാള്‍ മരിച്ച കേസിന്റെ വിചാരണ കഴിഞ്ഞ ദിവസമാണ് കോടതിയില്‍ ആരംഭിച്ചത്. കേസിന്റെ വിചാരണ തുടങ്ങിയതു മുതല്‍ ജോണി കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നതായി ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്.
21 മുതല്‍ ജോണിയെ കാണാതായതായി കൊരട്ടി പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ജോണിയെ ആലുവ ഭാഗത്ത് ചിലര്‍ കണ്ടതായും വിവരം ലഭിച്ചിട്ടുണ്ട്. മൃതദേഹം ബന്ധുക്കളെത്തി തിരിച്ചറിഞ്ഞു. സംഭവത്തില്‍ ദുരൂഹതകളൊന്നുമില്ലെന്നാണ് പ്രാഥമിക നിഗമനം.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഭാര്യ: ആനി. മക്കള്‍: ധനീഷ്, ധന്യ. മരുമകന്‍: ബിജു. സംസ്‌കാരം തിങ്കളാഴ്ച തിരുമുടിക്കുന്ന് ലിറ്റില്‍ഫ്‌ലവര്‍ പള്ളി സെമിത്തേരിയില്‍.