മഹാരാഷ്ട്രയിലെ ശിവസേനാ വിമതരായ 15 എംഎല്‍എമാര്‍ക്ക് സിആര്‍പിഎഫ് സുരക്ഷ

0
43

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ ശിവസേനാ വിമതരായ 15 എംഎല്‍എമാര്‍ക്ക് സിആര്‍പിഎഫ് സുരക്ഷ ഒരുക്കി കേന്ദ്ര സര്‍ക്കാര്‍. വൈ പ്ലസ് കാറ്റഗറി സുരക്ഷയാണ് നല്‍കുന്നത്. വിമതരെ വെല്ലുവിളിച്ച് ശിവസേനാ വക്താവ് സഞ്ജയ് റാവുത്ത്, മന്ത്രി ആദിത്യ താക്കറെ എന്നിവര്‍ രംഗത്തെത്തിയതിന് പിന്നാലെയാണിത്. എത്രനാള്‍ നിങ്ങള്‍ ഗുവാഹാത്തിയില്‍ ഒളിച്ചുകഴിയുമെന്ന ചോദ്യമുന്നയിച്ച സഞ്ജയ് റാവത്ത് നിങ്ങള്‍ക്ക് തിരിച്ചെത്തേണ്ടി വരുമെന്ന് ട്വിറ്ററിലൂടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ധൈര്യമുണ്ടെങ്കില്‍ പാര്‍ട്ടിയില്‍നിന്ന് പുറത്തുപോയി തിരഞ്ഞെടുപ്പിനെ നേരിടൂവെന്ന വെല്ലുവിളിയാണ് മന്ത്രി ആദിത്യ താക്കറെ മുഴക്കിയത്.
ഇതിനു പിന്നാലെയാണ് 15 വിമത എംഎല്‍എമാര്‍ക്ക് കേന്ദ്ര സേനയുടെ സുരക്ഷ ഒരുക്കിയിട്ടുള്ളത്. വിമത നേതാവ് ഏക്‌നാഥ് ഷിന്ദേ ബിജെപി നേതാവ് ദേവേന്ദ്ര ഫട്‌നാവിസുമായി കഴിഞ്ഞ ദിവസം രാത്രി ഗുജറാത്തിലെ വഡോദരയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും കഴിഞ്ഞ ദിവസം വഡോദരയില്‍ ഉണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.
അതിനിടെ ഉദ്ധവ് താക്കറെയെ അനുകൂലിക്കുന്ന ശിവസേനാ പ്രവര്‍ത്തകര്‍ ശനിയാഴ്ച വിമതര്‍ക്കെതിരെ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പ്രതിഷേധത്തിനിടെ പലസ്ഥലത്തും കല്ലേറുണ്ടായി. പുണെയിലെ എംഎല്‍എ ഓഫീസ് പ്രതിഷേധക്കാര്‍ അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് വിമതര്‍ക്ക് കേന്ദ്ര സേനയുടെ വൈ കാറ്റഗറി സുരക്ഷ. അതിനിടെ, വിമത എംഎല്‍എമാരുടെ വസതികളില്‍ ഏര്‍പ്പെടുത്തിയിരുന്ന സംസ്ഥാന പോലീസിന്റെ സുരക്ഷ പിന്‍വലിച്ചുവെന്ന് ആരോപിച്ച് വിമത നേതാവ് ഏക്‌നാഥ് ഷിന്ദേ കഴിഞ്ഞ ദിവസം മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കും സംസ്ഥാന ആഭ്യന്തര മന്ത്രിക്കും ഡിജിപിക്കും കത്തയച്ചിരുന്നു. പ്രതികാര നടപടിയാണ് ഇതെന്നാണ് ആരോപണം.