നിരവധി ക്രിമിനല്‍ കേസുകളിലെ പിടികിട്ടാപ്പുള്ളിയായ ജെറ്റ് സന്തോഷിനെ സാഹസികമായി കീഴ്‌പ്പെടുത്തി പൊലീസ്

0
39

തിരുവനന്തപുരം: നിരവധി ക്രിമിനല്‍ കേസുകളിലെ പിടികിട്ടാപ്പുള്ളിയായ പ്രതിയെ പോലീസ് അതിസാഹസികമായി കീഴ്‌പ്പെടുത്തി.തോക്കു ചൂണ്ടി രക്ഷപ്പെടാന്‍ ശ്രമിച്ച ജെറ്റ് സന്തോഷിനെയാണ് തുമ്പ പോലീസ് കീഴ്‌പ്പെടുത്തിയത്.എ.എസ്.ഐ കൊലപ്പെടുത്തിയ കേസിലടക്കം ഇയാള്‍ പ്രതിയാണ്.

തലസ്ഥാന ജില്ലയിലെ പോലീസിന് തലവേദനയായിരുന്ന കുപ്രസിദ്ധ ഗുണ്ടയെയാണ് പിടികൂടിയത്. 1998 ല്‍ ചെമ്പഴന്തിയില്‍ റിട്ട. എ.എസ്.ഐ കൃഷ്ണന്‍കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ ജെറ്റ് സന്തോഷ് ജാമ്യം ലഭിച്ചു ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു. നേരത്തേ പല തവണ പിടികൂടാനെത്തിയപ്പോഴും പോലീസിനെ തോക്കുചൂണ്ടി ഇയാള്‍ രക്ഷപെട്ടു.

കുപ്രസിദ്ധ ഗുണ്ടയായിരുന്ന എല്‍.ടി.ടി കബീറിന്റെ അനുയായിയായിരുന്നു ജെറ്റ് സന്തോഷിനെതിരെ നിരവധി കേസുകള്‍ മറ്റു സ്റ്റേഷനിലുമുണ്ട്. ഇതിനിടയിലാണ് പള്ളിത്തുറയിലെ ഒരു വീട്ടില്‍ ജെറ്റ് സന്തോഷ് ഉണ്ടെന്ന വിവരം പോലീസിന് ലഭിക്കുന്നത്. മുപ്പതോളം വരുന്ന പോലീസ് സംഘം ഇന്ന് പുലര്‍ച്ചെ രണ്ടു മണിക്ക് വീട് വളഞ്ഞു.വീട് പോലീസ് വളഞ്ഞത് മനസ്സിലാക്കിയ സന്തോഷ് മൂന്നാം നിലയില്‍ നിന്ന് തെങ്ങു വഴി രക്ഷപ്പെടാന്‍ ശ്രമിച്ച ശേഷം പോലീസ് സംഘത്തിന് നേരെ തോക്കു ചൂണ്ടി.തുടര്‍ന്ന് പോലീസ് ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു. കീഴ്‌പ്പെടുത്തുന്നതിനിടയില്‍ തുമ്പ സ്റ്റേഷനിലെ സി.പി. ഒ സി പി ഒ ബിനുവിന് പരിക്കേറ്റു. ജെറ്റ് സന്തോഷ് തോക്കുകൊണ്ട് ബിനുവിന്റെ നെറ്റിക്ക് ഇടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇയാളില്‍ നിന്ന് പിസ്റ്റളും പോലീസ് പിടിച്ചെടുത്തു.