തൊഴിലുറപ്പ് പദ്ധതിയിലെ സ്ത്രീപങ്കാളിത്തത്തിൽ കേരളം രാജ്യത്ത് ഏറ്റവും മുന്നിൽ

0
183

തിരുവനന്തപുരം: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ സ്ത്രീപങ്കാളിത്തത്തിൽ കേരളം രാജ്യത്ത് ഏറ്റവും മുന്നിലാണെന്ന് മന്ത്രി എം.വി. ഗോവിന്ദൻ. പട്ടികവർഗ കുടുംബങ്ങൾക്ക് 100 ദിവസം തൊഴിൽ നൽകിയതിൽ കേരളം ഒന്നാമതും പട്ടികവർഗ വിഭാഗത്തിൽ രണ്ടാമതുമാണ്.
തൊഴിലാളികൾക്ക് വേതനം സമയത്തിന് വിതരണംചെയ്യുന്ന ആദ്യ നാലു സംസ്ഥാനങ്ങളിൽ കേരളമുണ്ട്. 99.55 ശതമാനം പേർക്കും കേരളം വേതനം കൃത്യസമയത്ത് നൽകി.
സംസ്ഥാനത്തെ വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പ് അവലോകനംചെയ്യാൻ ചേർന്ന ‘ദിശ’ യോഗത്തിലാണ് വിലയിരുത്തലുണ്ടായത്. മന്ത്രി അധ്യക്ഷത വഹിച്ചു.
കേരളത്തിലെ സ്ത്രീപങ്കാളിത്തം 89.42 ശതമാനമാണ്. ദേശീയ ശരാശരി 54.7 ശതമാനവും. ഈവർഷംമാത്രം 2474 കോടി രൂപ സ്ത്രീകളുടെ കൈകളിൽ എത്തിക്കാൻ കഴിഞ്ഞു. എന്നാൽ, പദ്ധതിയിൽ നിർമാണസാമഗ്രികൾക്കും ഭരണച്ചെലവിനുമുള്ള 700 കോടി കേന്ദ്രം കുടിശ്ശികവരുത്തിയത് തിരിച്ചടിയായി.
ഇത് പരിഹരിക്കാൻ എം.പി.മാരെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു.