‘രാവിലെ എഴുന്നേറ്റയുടൻ കുടിക്കുന്നത് ഇത്’;ഡയറ്റ് ടിപ്പുമായി യാമി ഗൗതം

0
35

സിനിമാതാരങ്ങള്‍ ഇന്ന് മിക്കവരും ഫിറ്റ്നസിന്‍റെ കാര്യത്തില്‍ വലിയ ജാഗ്രത പുലര്‍ത്തുന്നവരാണ്. ചെറുതോ വലുതോ ആയ വേഷങ്ങളില്‍ സജീവമായവരാകട്ടെ, അഭിനയമേഖലയില്‍ തുടരുന്നവരെല്ലാം പ്രായ-ലിംഗ ഭേദമെന്യേ ഫിറ്റ്നസിന് ആവശ്യമായ കാര്യങ്ങള്‍ നിര്‍ബന്ധമായും ചെയ്യാറുണ്ട്. ഫിറ്റ്നസില്‍ വര്‍ക്കൗട്ടിനാണ് അല്‍പം പ്രാധാന്യം കൂടുതലെങ്കിലും ഡയറ്റും ഒട്ടും പിറകിലല്ല. സിനിമാതാരങ്ങളാണെങ്കില്‍ ചെറിയ രീതിയിലെങ്കിലും ഡയറ്റ് പാലിക്കാത്തവര്‍ കുറവുമാണ്. ഫിറ്റ്നസ് കാര്യങ്ങളില്‍ താല്‍പര്യം പുലര്‍ത്തുന്നവര്‍ സിനിമാതാരങ്ങളെ ഒരു പ്രചോദനമായി കാണുന്നതിന് പിന്നിലെ കാരണങ്ങള്‍ തന്നെയാണ് ഇവയെല്ലാമാണ്.

താരങ്ങളുടെ ഡയറ്റ്, അവരുടെ ചിട്ടകള്‍, വര്‍ക്കൗട്ട് രീതി- എല്ലാം ഇത്തരത്തില്‍ അറിയാന്‍ താല്‍പര്യപ്പെടുന്ന നിരവധി പേരുണ്ട്. എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ എന്തെല്ലാം ഗുണങ്ങള്‍ നേടിയെടുക്കാം എന്ന് ഇങ്ങനെയുള്ള വിവരങ്ങളിലൂടെ മനസിലാക്കുന്നവരുണ്ട്. ഇപ്പോഴിതാ ബോളിവുഡ് താരം യാമി ഗൗതം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചൊരു സ്റ്റോറി തന്നെ ഉദാഹരണമായി എടുക്കാം. രാവിലെ ഉണര്‍ന്നയുടന്‍ താന്‍ എങ്ങനെയാണ് ദിവസം തുടങ്ങുന്നതെന്നാണ് യാമി സ്റ്റോറിയിലൂടെ പങ്കുവച്ചിരിക്കുന്നത്.

ഒരു ഗ്ലാസ് ചൂടുള്ള ഹല്‍ദി വാട്ടര്‍ ( മഞ്ഞള്‍ ചേര്‍ത്ത വെള്ളം ) ആണ് യാമി ദിവസം തുടങ്ങുമ്പോള്‍ ആദ്യം കഴിക്കുന്ന പാനീയം. ഇതോടെയാണ് ദിവസത്തിന് തുടക്കമാകുന്നത്. പലരും ഈ ഡയറ്റ് ടിപ് നേരത്തെ പങ്കുവച്ചിട്ടുണ്ട്. ശരീരത്തില്‍ നിന്ന് വിഷാംശം പുറന്തള്ളാനും, പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും, ചര്‍മ്മത്തിന്‍റെ ആരോഗ്യം വര്‍ധിപ്പിക്കാനും, ശരീരഭാരം നിയന്ത്രിച്ചുനിര്‍ത്തുന്നതിനുമെല്ലാം പ്രത്യക്ഷമായും പരോക്ഷായും ഹല്‍ദി വാട്ടര്‍ പ്രയോജനപ്പെടാം. അതിനാലാണ് ഇത് രാവിലെ തന്നെ കഴിക്കുന്നത് ശീലങ്ങളില്‍ ഉള്‍പ്പെടുത്തുന്നത്. ഹിമാചല്‍ സ്വദേശിയായ യാമിയാണെങ്കില്‍ തങ്ങളുടെ സ്വന്തം ഫാമില്‍ നട്ടുവളര്‍ത്തിയ മഞ്ഞളുപയോഗിച്ചാണ് ഹല്‍ദി വാട്ടര്‍ തയ്യാറാക്കുന്നത്. ഇക്കാര്യവും യാമി തന്നെ സ്റ്റോറിയില്‍ പ്രതിപാദിച്ചതാണ്. നമ്മള്‍ തന്നെ വളര്‍ത്തിയെടുക്കുന്നത് ആകുമ്പോള്‍ അത് കൂടുതല്‍ ആത്മവിശ്വാസവും ഗുണവും പകരുകയും ചെയ്യാം. എന്തായാലും യാമിയുടെ ഡയറ്റ് ടിപ് ആവശ്യമെങ്കില്‍ ഒന്ന് പരീക്ഷിച്ചുനോക്കാവുന്നതാണ്. ദിവസം മുഴുവനുള്ള ഭക്ഷണക്രമം, ഉറക്കം, വ്യായാമം എന്നിവയെല്ലാം കൃത്യമായി പാലിച്ചെങ്കില്‍ മാത്രമേ ഇത്തരത്തിലുള്ള ടിപ്പുകള്‍ ശരീരത്തിന് യഥാര്‍ത്ഥത്തില്‍ ഫലം നല്‍കൂ. ഇക്കാര്യവും ഓര്‍മ്മിക്കുക.