പെട്ടെന്ന് എഴുന്നേല്‍ക്കുമ്പോഴോ നടക്കുമ്പോഴോ തലകറക്കം, ക്ഷീണം; കാരണം അറിയാം

0
71

നിത്യജീവിതത്തില്‍ നാം പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും നേരിടാറുണ്ട്. ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ പലതും പല അസുഖങ്ങളുടെയും കരുതല്‍ ആവശ്യമായ മറ്റ് സങ്കീര്‍ണമായ പ്രശ്നങ്ങളുടെയും ഭാഗവും ആകാം. എന്നാല്‍ പലപ്പോഴും ഇങ്ങനെയുള്ള ബുദ്ധിമുട്ടുകളെ നാം വേണ്ടത്ര ഗൗരവത്തോടെ പരിഗണിക്കാറില്ല എന്നതാണ് സത്യം.എന്തായാലും അത്തരത്തില്‍ പലരും ധാരാളമായി പരാതിപ്പെടാറുള്ളൊരു പ്രശ്നമാണ് പെട്ടെന്ന് വരുന്ന തലകറക്കവും ക്ഷീണവും. ഇരുന്നിടത്ത് നിന്ന് എഴുന്നേല്‍ക്കുമ്പോഴോ, പെട്ടെന്ന് നടക്കാന്‍ തുടങ്ങുമ്പോഴോ എല്ലാം തലകറങ്ങുന്നത് പോലെ. അല്ലെങ്കില്‍ ക്ഷീണം. ഇവയെല്ലാം പല അസുഖങ്ങളുടെയും ഭാഗമായി വരാം. എന്നാലിതിന്‍റെ കാരണമായി വലിയ രീതിയില്‍ വരുന്നൊരു പ്രശ്നം രക്തത്തില്‍ ഹീമോഗ്ലോബിന്‍റെ അളവ് കുറയുന്ന സാഹചര്യമാണ്.

കേള്‍ക്കുമ്പോള്‍ നിസാരമായി തോന്നുമെങ്കിലും വളരെയധികം പ്രാധാന്യമുള്ള പ്രശ്നമാണിത്. സ്ത്രീകളിലാണ് ഹീമോഗ്ലോബിന്‍റെ അളവ് കുറഞ്ഞ് അനീമിയ അഥവാ വിളര്‍ച്ച അധികമായി കാണുന്നത്. അതുകൊണ്ട് തന്നെ സ്ത്രീകളിലാണ് ഇങ്ങനെയുള്ള ലക്ഷണങ്ങളും കൂടുതലായി കാണുന്നത്. ഓക്സിജന്‍ സന്തുലിതാവസ്ഥ നടത്തുന്നു എന്നതാണ് ഹീമോഗ്ലോബിന്‍റെ വലിയൊരു ധര്‍മ്മം. ഹീമോഗ്ലോബിന്‍ കുറയുമ്പോള്‍ അതിന് അനുസരിച്ചുള്ള പല വിഷമതകളും ആരോഗ്യത്തില്‍ നേരിടാം. അവയില്‍ ചിലത് പങ്കുവയ്ക്കാം.

ആദ്യമേ സൂചിപ്പിച്ചത് പോലെ എപ്പോഴും തളര്‍ച്ച, എഴുന്നേല്‍ക്കുമ്പോഴോ പെട്ടെന്ന് എന്തെങ്കിലും ചെയ്യാന്‍ തുടങ്ങുമ്പോഴോ തലകറക്കം, തണുപ്പ് അധികമായി അനുഭവപ്പെടുക, ചര്‍മ്മം വിളര്‍ക്കുക, പേശികളില്‍ ബലക്ഷയം, എളുപ്പത്തില്‍ പരുക്കും ചതവും സംഭവിക്കുക എന്നിവയെല്ലാം ഇത്തരത്തില്‍ അനീമിയയുടെ അനുബന്ധപ്രശ്നങ്ങളാണ്. പ്രധാനമായും അയേണ്‍ അളവ് കുറയുമ്പോഴാണ് ഹീമോഗ്ലോബിനും കുറയുന്നത്. ഇതിന് പുറമെ വൃക്കരോഗം, ലെഡ് വിഷാംശം അകത്തെത്തുന്നത്, ലുക്കീമിയ, മറ്റ് അര്‍ബുദങ്ങള്‍, ഹൈപ്പോതൈറോയിഡിസം, വാതരോഗം, അപ്ലാസ്റ്റിക് അനീമിയ, കരള്‍വീക്കം, വൈറ്റമിന്‍ കുറവ് എന്നിവയെല്ലാം ഹീമോഗ്ലോബിന്‍ അളവ് താഴാന്‍ കാരണമായേക്കാം. മറ്റ് രോഗങ്ങള്‍ മൂലമല്ല ഹീമോഗ്ലോബിന്‍ കുറയുന്നത് എങ്കില്‍ തീര്‍ച്ചയായും ഭക്ഷണത്തിലൂടെ തന്നെ ഇത് പരിഹരിക്കാന്‍ സാധിക്കും. അയേണ്‍ ധാരാളമായി അടങ്ങിയ ഭക്ഷണമാണ് ഇതിനായി കഴിക്കേണ്ടത്. മത്സ്യം, കരള്‍ പോലുള്ള ഇറച്ചി, ചീര, ടോഫു, ബ്രൊക്കോളി എല്ലാം അയേണ്‍ കാര്യമായി അടങ്ങിയ ഭക്ഷണങ്ങളാണ്. ചില സന്ദര്‍ഭങ്ങളില്‍ ഡോക്ടര്‍മാര്‍ പ്രത്യേകം ടോണിക്കും ഹീമോഗ്ലോബിന്‍ വര്‍ധിപ്പിക്കാന്‍ നല്‍കാറുണ്ട്. ഇതും കഴിക്കാവുന്നതാണ്.