ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയില്‍ ‘മൈക്രോമെറ്റിറോയിഡ്’ ഇടിച്ചു; സംഭവിച്ചത്

0
70

നാസയുടെ പുത്തന്‍ ബഹിരാകാശ ടെലസ്കോപ്പായ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയുടെ പ്രധാന കണ്ണാടിയിൽ പാറകഷ്ണം ഇടിച്ചു. വലിയ വലിപ്പം ഇല്ലെങ്കിലും മൈക്രോമെറ്റിറോയിഡ് വരുത്തിയ കേടുപാടുകൾ ദൂരദര്‍ശിനി നല്‍കുന്ന ഡാറ്റയില്‍ ചെറിയ പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം. എന്നാൽ ബഹിരാകാശ ടെലസ്കോപ്പിന്‍റെ ദൗത്യത്തിന്റെ മൊത്തത്തിലുള്ള പ്രകടനത്തെ ഇത് ബാധിക്കില്ല. ഡിസംബറിൽ നാസ ജെയിംസ് വെബ് വിക്ഷേപിച്ചു. ഇതില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ വച്ചുള്ള ആദ്യ കാഴ്ചകൾ ജൂലൈ 12 ന് നാസ പുറത്തുവിടും. ഇപ്പോൾ സംഭവിച്ചത് കാരണം നാസ പുറത്തുവിടാനിരിക്കുന്ന ചിത്രങ്ങളുടെ വ്യക്തതയെ ബാധിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം മെയ് 23 നും 25 നും ഇടയിലാണ് ബഹിരാകാശ പാറ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയില്‍ ഇടിച്ചതെന്നാണ് കരുതപ്പെടുന്നത്.

കഴിഞ്ഞ ജനുവരിയിലാണ് ടെലിസ്‌കോപ് ബഹിരാകാശത്തെ അതിന്റെ ലക്ഷ്യസ്ഥാനത്തെത്തിയത്. ഭൂമിയിൽ നിന്നു ദശലക്ഷക്ഷം കിലോമീറ്റര്‍ അകലെയാണ് ഇപ്പോള്‍ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി. വിഖ്യാത ബഹിരാകാശ ടെലിസ്‌കോപ്പായ ഹബ്ബിളിന്റെ പിൻഗാമിയായാണ് ജയിംസ് വെബ് കരുതപ്പെടുന്നത്. തമോഗർത്തങ്ങൾ, പുറംഗ്രഹങ്ങളിലെ കാലാവസ്ഥ, ജീവസാധ്യത, യുറാനസ്‌,നെപ്ട്യൂൺ ഗ്രഹങ്ങളുടെ സവിശേഷതകൾ, ആദ്യത്തെ പ്രപഞ്ച ഘടന എന്നിങ്ങനെ നിരവധി മേഖലകളില്‍ നിന്നും വിവരം ഈ ടെലസ്കോപ്പ് വഴി ലോകം പ്രതീക്ഷിക്കുന്നു.

31 വർഷമായി ബഹിരാകാശത്തുള്ള ഹബ്ബിൾ ടെലിസ്‌കോപ്പിനെക്കാള്‍ ഏറെ സാങ്കേതിക മേന്‍മയാണ് ജയിംസ് വെബിനുള്ളത്. ജയിംസ് വെബ് ഇൻഫ്രാ റെഡ് കിരണങ്ങൾ ഉപയോഗിച്ചാണു പ്രവർത്തിക്കുന്നത്. ടെലിസ്‌കോപ്പിലെ വമ്പൻ സോളർ പാനലുകളാണ് ഊർജം നൽകുന്നത്. ഭൂമിയിൽ നിന്നു 15 ലക്ഷം കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന എൽ2 ഭ്രമണപഥത്തിലാണു ജയിംസ് വെബ് സ്ഥിതി ചെയ്യുന്നത്. ‘ഗോൾഡൻ ഐ’ എന്നാണ് സ്വർണം പൂശിയ, പുഷ്പാകൃതിയുള്ള കണ്ണാടിക്കു നാസ നൽകിയിരിക്കുന്ന പേര്. ബെറീലിയം ലോഹം ഉപയോഗിച്ചു നിർമിച്ച ഇതിന് ഇതളുകൾ പോലെ 18 ഭാഗങ്ങളുണ്ട്.7000 കിലോ ഭാരം, 1000 കോടി യുഎസ് ഡോളർ ചെലവ്, 10 വർഷം കാലാവധി എന്നിവയുള്ള ജയിംസ് വെബിന്റെ പ്രധാന കണ്ണാടിയുടെ വ്യാസം 6.6 മീറ്ററാണ്. ഇതിലേക്കാണ് ഇപ്പോൾ ഉൽക്ക ഇടിച്ചത്.