ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്; മത്സ്യബന്ധനത്തിന് വിലക്ക്; കാലവർഷമെത്തിയിട്ടും 48% മഴ കുറവെന്ന് വിലയിരുത്തൽ

0
51

തിരുവനന്തപുരം: കേരളത്തിൽ കാലവർഷമെത്തി ഒരാഴ്ച പിന്നിടുമ്പോഴും ഇത്തവണ 48 ശതമാനം മഴ കുറവാണെന്ന് കാലാവസ്ഥാ വകുപ്പ്. സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് ശരാശരി 62.8 മില്ലി മീറ്റർ മഴ മാത്രമാണെന്നും വരും ദിവസങ്ങളിൽ കാലവർഷം കൂടുതൽ സജീവമാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലുമാണ് മഴ മുന്നറിയിപ്പുള്ളത്. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് സ്വാധീനത്താലാണ് മഴ കനക്കുന്നതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൂടാതെ കേരള തീരത്ത് മത്സ്യ ബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

കേരള തീരത്ത് 08-06-2022 മുതൽ 11-06-2022 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്നും തമിഴ്നാട് തീരം, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്‌ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.