ചേര്‍ത്തല സ്വദേശിനിയായ യുവതിയുടെ മരണത്തിന് കാരണം ഭര്‍തൃപീഡനമെന്ന് പരാതി

0
64

ചേര്‍ത്തല: ചേര്‍ത്തല സ്വദേശിനിയായ യുവതിയുടെ മരണം ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും പീഡനം മൂലമാണെന്നാരോപിച്ച് സഹോദരന്‍ പരാതി നല്‍കി. തണ്ണീര്‍മുക്കം ഗ്രാമപ്പഞ്ചായത്ത് 19-ാം വാര്‍ഡ് മരുത്തോര്‍വട്ടം മാര്‍ത്താണ്ടംചിറ സോമശേഖരന്‍നായരുടെ മകള്‍ യമുനമോളാ(27)ണ് 29-നു പുലര്‍ച്ചേ തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ മരിച്ചത്.
വര്‍ക്കലയിലെ വാടകവീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ശേഷമായിരുന്നു മരണം. ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും ശാരീരികവും മാനസികവുമായ പീഡനം മൂലമാണ് യമുനമോള്‍ ആത്മഹത്യ ചെയ്തതെന്നുകാണിച്ച് സഹോദരന്‍ എസ്. അനന്തകൃഷ്ണന്‍ വര്‍ക്കല ഡിവൈ.എസ്.പി., തിരുവനന്തപുരം എസ്.പി., ഡി.ജി.പി., മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ് എന്നിവര്‍ക്കാണു പരാതി നല്‍കിയത്. വനിതാകമ്മിഷനും പരാതി കൊടുത്തു.
മൃതദേഹം ചേര്‍ത്തല മരുത്തോര്‍വട്ടത്തെ വീട്ടുവളപ്പിലാണു സംസ്‌കരിച്ചത്. ബഡ്സ് സ്‌കൂള്‍ അധ്യാപികയായിരുന്നു യമുനമോള്‍. 2016-ല്‍ വര്‍ക്കല സ്വദേശിയായ ശരത്തുമായി പ്രണയത്തിലായി വിവാഹിതയാവുകയായിരുന്നു.
വീട്ടുകാരുടെ സമ്മതമില്ലാതെയായിരുന്നു വിവാഹമെങ്കിലും പിന്നീട്, ഇരുവീട്ടുകാരും സഹകരിച്ചു. ഭര്‍ത്തൃവീട്ടില്‍ യുവതി നിരന്തരം പീഡനത്തിനിരയായെന്നു പരാതിയില്‍ പറയുന്നു. വര്‍ക്കല കോടതിയില്‍ ഗാര്‍ഹികപീഡനത്തിനു യമുനമോള്‍ മുന്‍പ് പരാതി നല്‍കിയിരുന്നു.