കോവിഡ് ഹൃദയത്തെ ബാധിക്കുമ്പോൾ; നീർവീക്കം മുതൽ സ്ട്രെസ് കാർഡിയോമയോപ്പതിക്കു വരെ സാധ്യത

0
120

രക്തം കട്ടപിടിക്കുന്നതു കൂടാതെ രക്തക്കുഴലുകളിൽ തന്നെ നീർവീക്കം വന്നിട്ട് അവ വികസിക്കുവാനും മറ്റുമുള്ള സാഹചര്യം കോവിഡ് മുക്തരായ ചിലരിൽ കാണുന്നുണ്ട്. കുട്ടികളിൽ കണ്ടുവരുന്ന കാവസാക്കി എന്ന ഒരു രോഗമുണ്ട്. കുട്ടികളുടെ ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകൾ നീർവീക്കം കാരണം വികസിക്കുകയും അതിനകത്തു രക്തക്കട്ട വരുകയും ചെയ്യുന്ന സാഹചര്യം. ഇതേ രീതിയിൽ കോവിഡിന്റെ പശ്ചാത്തലത്തിൽ മുതിർന്നവരുടെ ഹൃദയ രക്തധമനികളിൽ നീർവീക്കം വരാം.ഇതിനെ കൊറോണറി വാസ്കുലൈറ്റിസ് എന്നു വിളിക്കുന്നു. പല രോഗികളിലും പല സ്ഥലത്താണ് വീക്കം കാണുന്നത്.

ശ്വാസകോശങ്ങളിലാണു കൂടുതൽ. കൂടാതെ കരളിലോ വൃക്കയിലോ ഒക്കെ വരാം. വളരെ സങ്കീർണമായ കോവിഡ് വരുന്ന സാഹചര്യത്തിൽ ഹൃദയ മാംസപേശികളിൽ തന്നെ നേരിട്ട് നീർവീക്കം വരാം. ഇതിനെ മയോകാർഡൈറ്റിസ് എന്നു പറയുന്നു. ഇതും കോവിഡിന്റെ പശ്ചാത്തലത്തിൽ കണ്ടുവരുന്നുണ്ട്. തന്മൂലം ഹൃദയത്തിന്റെ പമ്പിങ്ങും ബിപിയുമൊക്കെ കുറയുന്ന അവസ്ഥയിലേക്കും പോകാം. മറ്റൊന്ന് സ്ട്രെസ് കാർഡിയോമയോപ്പതി എന്ന സംഗതിയാണ്. ബ്രോക്കൺ ഹാർട്ട് സിൻഡ്രം എന്നും വിശേഷിപ്പിക്കാറുണ്ട്. ഏതെങ്കിലുമൊരു മെഡിക്കൽ – ഫിസിക്കൽ– മെന്റൽ സ്ട്രെസ് വരുമ്പോൾ പെട്ടെന്നു ഹൃദയത്തിന്റെ പമ്പിങ് കുറയുന്ന ഒരു അവസ്ഥയാണിത്. ഐസിയുവിൽ കിടക്കുന്ന കഠിനമായ, സങ്കീർണമായ കോവിഡ് രോഗികളിൽ ഇതു വിരളമാണെങ്കിലും കണ്ടു വരുന്നുണ്ട്.

കോവിഡ് ഹൃദയത്തെ ബാധിക്കുമ്പോൾ

കോവിഡ് മൂലമുള്ള നീർവീക്കം രക്തക്കുഴലുകളെ ബാധിച്ച് രക്തം കട്ടപിടിക്കാനുള്ള സാധ്യത വർധിപ്പിക്കാം. ഇതുകൂടാതെ കൊറോണറി വാസ്കുലൈറ്റിസ് എന്ന രക്തധമനികളിൽ നീർവീക്കം വരുന്ന അവസ്ഥയുണ്ടാകാം. നേരിട്ടു ഹൃദയപേശികൾക്കു വീക്കം വരുന്ന അവസ്ഥയും വരാം. നിലവിൽ ഹൃദ്രോഗമുള്ളവരിൽ കോവിഡ് വരികയാണെങ്കിൽ സങ്കീർണതകൾക്കു സാധ്യത വളരെ കൂടുതലാണ്. ഇത്തരം രോഗികളിൽ അറ്റാക്കും മറ്റും വന്ന് ഹൃദയത്തിന്റെ പമ്പിങ് കുറഞ്ഞിരിക്കുന്ന അവസ്ഥയുണ്ടാകാം. പമ്പിങ് കുറഞ്ഞിട്ടു ശ്വാസകോശത്തിനകത്തു നീർക്കെട്ട് വരാൻ വരാൻ സാധ്യതയുള്ള രോഗികളാണ് ഹാർട്ട് ഫെയിലിയർ പേഷ്യന്റ്സ്. ഇവരില്‍ കോവിഡ് വന്നാൽ അതു ഗുരുതരമാകാം. ഹൃദയപരാജയം മൂലം ശ്വാസകോശത്തിലാണ് നീർക്കെട്ടു വരുന്നത്. കോവിഡ് ബാധിക്കുന്നതും ശ്വാസകോശത്തെയാണ്. അതുകൊണ്ട് കോവിഡ് ന്യൂമോണിയ വരുന്ന സമയത്തു കഠിനമായ ശ്വാസകോശ പരാജയം വരുവാനും വെന്റിലേറ്ററിലേക്കു മാറ്റുവാനും ഉള്ള സാധ്യതകൾ കൂടുന്നു. ഹൃദ്രോഗത്തിന്റെ ഒരു പ്രധാന കാരണം പ്രമേഹമാണ്. ഹൃദ്രോഗമുള്ളവർക്കു ഡയബറ്റിസ്, കൊളസ്ട്രോൾ, ബിപി മുതലായ മറ്റു രോഗങ്ങൾ കൂടിയുണ്ടെങ്കിൽ, അണുബാധ ചെറുത്തു നിർത്തുവാനുള്ള ശക്തി കുറഞ്ഞിരിക്കുന്നതു കാരണം സങ്കീർണതകൾ കൂടാം.