പെട്ടെന്നുള്ള ദേഷ്യം, ഭാര്യാപിതാവിനും ഭാര്യാസഹോദരനും നേരെ വെടിയുതിര്‍ത്ത് പൊലീസുകാരൻ, ഒരാൾ മരിച്ചു

0
56

ബീഹാര്‍: പെട്ടെന്നുണ്ടായ ദേഷ്യത്തിൽ ഭാര്യാപിതാവിനെയും ഭാര്യാസഹോദരനെയും വെടിവെച്ച് പൊലീസുകാരൻ. ബീഹാറിലെ മൻഗറിൽ ചൊവ്വാഴ്ചയാണ് ദേഷ്യത്തിന്റെ പുറത്ത് രണ്ടുപേരെ പൊലീസ് ഉദ്യോഗസ്ഥനായ സോനു കുമാര്‍ വെടിവെച്ചത്. സംഭവത്തിൽ ഭാര്യാപിതാവ് കൊല്ലപ്പെടുകയും സഹോദരന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ബിഹാർ പൊലീസ് ഉദ്യോഗസ്ഥനാണ് സംഭവത്തിലെ പ്രതി. തന്റെ ഔദ്യോഗിക തോക്ക് ഉപയോഗിച്ചാണ് ഇരുവരെയും വെടിവച്ചത്.

സോനുവിന്റെ ഭാര്യാപിതാവ് ഗിർധർ എന്നയാളാണ് മരിച്ചത്. ബാങ്കറായ ഗിര്‍ധര്‍ ബിഹാര്‍ പൊലീസ് ഉദ്യോഗസ്ഥനായ സോനുവിന് മകളായ അഞ്ചലിനെ വിവാഹം ചെയ്ത് നൽകിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. സോനുവിന്റെ ഭാര്യയായിരുന്ന അഞ്ചൽ ഇയാളുമായി തെറ്റിപ്പിരിഞ്ഞ് അച്ഛനും സഹോദരനും ഒപ്പം താമസം ആരംഭിച്ചു. കുറച്ചു ദിവസത്തിന് ശേഷം തിരിച്ചുവരുമെന്ന് കരുതി അടങ്ങിയിരുന്ന സോനു വൈകാതെ അവരുടെ വീട്ടിലെത്തി.

ഇതിനിടയിൽ ഗാര്‍ഹിക പീഡനമടക്കം നടത്തിയതായി അഞ്ചൽ കുടുംബത്തെ അറിയിച്ചിരുന്നു. പിന്നാലെ എത്തിയ സോനു ബലം പ്രയോഗിച്ച് അഞ്ചലിനെ കൂട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നടത്തിയപ്പോൾ, അത് അച്ഛനും സഹോദരനും തടഞ്ഞു. ഇതിന്റെ ദേഷ്യത്തിലാണ് വീട്ടിലെത്തി ഒദ്യോഗിക തോക്കെടുത്ത് വന്ന് ഇരുവര്‍ക്ക് നേരെയും വെടിയുതിര്‍ത്തത്. ഗിര്‍ധര്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. സഹോദരൻ ഗുരുതരമായ പരിക്കുകകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. സോനുവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് സോനുവിനെ അറസ്റ്റ് ചെയ്തു.