മങ്കിപോക്‌സ് പരിശോധനാകിറ്റ് വികസിപ്പിച്ച് ഇന്ത്യൻ കമ്പനി; ഒരു മണിക്കൂറിനുള്ളിൽ ഫലം അറിയാം

0
118

ചെന്നൈ: ലോകത്ത് പടർന്ന് പിടിക്കുന്ന മങ്കിപോക്‌സിനിടയാക്കുന്ന വൈറസിനെ കണ്ടെത്താൻ സഹായിക്കുന്ന പരിശോധനാകിറ്റ് വികസിപ്പിച്ചതായി ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിയ്‌ക്കുന്ന കമ്പനി. ആർടിപിസിആർ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നതാണ് പരിശോധനാകിറ്റ്. ടിവിട്രോൺ ഹെൽത്ത്‌കെയർ എന്ന കമ്പനിയാണ് കിറ്റ് വികസിപ്പിച്ചത്. പുതിയ കിറ്റ് ഉപയോഗിച്ചുള്ള പരിശോധനയിലൂടെ ഒരു മണിക്കൂറിനുള്ളിൽ പരിശോധനാ ഫലം ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. കമ്പനിയുടെ റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ടീമാണ് കിറ്റ് വികസിപ്പിച്ചത്.

വൺ ട്യൂബ് സിംഗിൾ റിയാക്ഷൻ സവിധാനത്തിലൂടെ വൈറസ് സാന്നിധ്യം തിരിച്ചറിയാൻ സാധിക്കുന്നതാണ് പുതുതായി വികസിപ്പിച്ചെടുത്ത കിറ്റ് എന്ന് കമ്പനി അവകാശപ്പെടുന്നു. വസൂരി വൈറസിനേയും മങ്കിപോക്‌സ് വൈറസിനേയും വെവ്വേറെ തിരിച്ചറിയാൻ സാധിക്കും എന്നതാണ് കിറ്റിന്റെ പ്രധാന പ്രത്യേകത. സ്വാബ് ഉപയോഗിച്ചാണ് പരിശോധന നടത്തുക.

നിലവിൽ ഇരുപതിലധികം രാജ്യങ്ങളിലായി ഇരുന്നൂറിലധികം മങ്കിപോക്‌സ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ സമൂഹവ്യാപനത്തിനുള്ള സാധ്യതയുണ്ടെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കിയിട്ടുണ്ട്.