ലൈംഗിക തൊഴിൽ പ്രൊഫഷണലായി അംഗീകരിച്ച് സുപ്രീം കോടതി; പ്രായപൂർത്തിയായവർക്ക് ലൈംഗിക തൊഴിലാളിയാകാം, പോലീസ് കേസെടുക്കുകയോ ഇടപെടുകയോ ചെയ്യരുതെന്നും കോടതി

0
45

ഡൽഹി : ലൈംഗിക തൊഴിൽ പ്രൊഫഷണലായി അംഗീകരിച്ച് സുപ്രീം കോടതി. ലൈംഗിക തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയോ അവരിൽ നിന്ന് പിഴ ഈടാക്കുകയോ ചെയ്യരുതെന്ന് കോടതി പോലീസിന് നിർദ്ദേശം നൽകി. വേശ്യാലയ നടത്തിപ്പ് നിയമവിരുദ്ധമാണെങ്കിലും ലൈംഗിക തൊഴിലാളികൾക്കെതിരെ നടപടി പാടില്ലെന്ന് കോടതി നിർദ്ദേശിച്ചു. നിയമത്തിന് കീഴിൽ സെക്സ് വർക്കർമാർക്ക് അന്തസ്സും, തുല്യ സംരക്ഷണവും അനുവദിക്കുന്നുണ്ടെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് എൻ നാഗേശ്വര റാവുവിന്റെ ബെഞ്ചാണ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.

ലൈംഗിക തൊഴിലിന് നിയമസാധുത നൽകിക്കൊണ്ടുള്ളതാണ് ഉത്തരവ്. നിയമത്തിന്റെ തുല്യ സംരക്ഷണം ലൈംഗിക തൊഴിലാളികൾക്കും വേണം. പ്രായപൂർത്തിയായവർക്ക് സ്വമേധയാ ലൈംഗിക തൊഴിലെടുക്കാൻ സാധിക്കും. ഇതിനെതിരെ പോലീസ് കേസെടുക്കരുത്. അന്തസായി ജീവിക്കാനുള്ള അവകാശം ലൈംഗിക തൊഴിലാളികൾക്കും ഉണ്ടെന്ന് കോടതി നിരീക്ഷിച്ചു. രാജ്യത്ത് വേശ്യാലയം നടത്തിപ്പ് നിയമവിരുദ്ധമാണ്. എന്നാൽ ഒരു വേശ്യാലയത്തിൽ റെയ്ഡ് നടക്കുമ്പോൾ ഉഭയസമ്മത പ്രകാരമാണ് ലൈംഗിക ബന്ധമെങ്കിൽ അതിനെ നിയമവിരുദ്ധമായി കാണാനാവില്ല. ഈ തൊഴിൽ ചെയ്യുന്നവരിൽ നിന്ന് പിഴ ഈടാക്കുകയോ അവരെ അറസ്റ്റ് ചെയ്യുകയോ ചെയ്യരുത്. സമ്മതപ്രകാരമാണ് ബന്ധപ്പെടുന്നതെങ്കിൽ പോലീസ് ഇവരുടെ കാര്യത്തിൽ ഇടപെടുകയോ, ക്രിമിനൽ കേസ് എടുക്കുകയോ ചെയ്യരുതെന്ന് കോടതി നിർദേശിച്ചു.

ഒരമ്മ ലൈംഗിക തൊഴിലിൽ ഏർപ്പെടുന്നത് കൊണ്ട് ഒരു കുട്ടിയെ അവരിൽ നിന്ന് വേർപ്പെടുത്താനാവില്ല. മാന്യതയും, അഭിമാനവും എല്ലാ ലൈംഗിക തൊഴിലാളികൾക്കും ഉള്ളതാണ്. അതുപോലെ അവരുടെ കുട്ടികൾക്കും അതുണ്ട്. പ്രായപൂർത്തായാവാത്ത ഒരു കുട്ടി വേശ്യാലയത്തിലോ സെക്സ് വർക്കർമാർക്കോ ഒപ്പം ജീവിക്കുന്നുണ്ടെങ്കിൽ ആ കുട്ടിയെ കടത്തി കൊണ്ടുവന്നതാണെന്ന മുൻധാരണയോടെ പെരുമാറരുതെന്നും കോടതി നിർദേശിച്ചു. ലൈംഗിക തൊഴിലാളികൾക്ക് ഒപ്പമുള്ള കുട്ടി മകനോ മകളോ ആണെന്ന് പറഞ്ഞാൽ, പരിശോധനയിലൂടെ ആ വാദം കണ്ടെത്തണം. പറഞ്ഞ കാര്യം ശരിയാണെങ്കിൽ ആ കുട്ടിയെ അമ്മയിൽ നിന്ന് വേർപെടുത്തരുത്. പോലീസിൽ പരാതി തരുന്ന സെക്സ് വർക്കർമാരെ വിവേചനത്തോടെ കാണരുത്. ഇവർ നൽകുന്ന പരാതി ലൈംഗികപരമായ അതിക്രമമാണെങ്കിൽ അതിന് ഇരയാവുന്നവർക്ക് എല്ലാ നിയമസഹായവും നൽകണം. അടിയന്തര ചികിത്സാ സഹായവും ലഭ്യമാക്കണം. ലൈംഗിക തൊഴിലാളികളോടുള്ള പോലീസിന്റെ പെരുമാറ്റം ക്രൂരവും അക്രമാസക്തവുമാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.