റോഡുകൾ മോശം, ബിഎംഡബ്ല്യൂ കാറിന് പോകാനാകുന്നില്ല: വധുവിനെ ഉപേക്ഷിച്ച് സ്ത്രീധനവുമായി സ്ഥലം വിട്ട് വരൻ

0
76

അഹമ്മദാബാദ്: വധുവിന്റെ വീട്ടിലേക്ക് തന്റെ ആഡംബര കാറിന് പോകാനാകുന്നില്ലെന്ന് പറഞ്ഞ് വിവാഹത്തിന് പിന്നാലെ വരൻ, വധുവിനെ ഉപേക്ഷിച്ചതായി പരാതി. ഗുജറാത്തിലെ നപാഡ് വന്തോ ഗ്രാമത്തിലാണ് സംഭവം. മെയ് 12നായിരുന്നു വിവാഹം നടന്നത്. ബിഎംഡബ്ല്യൂ കാറിലാണ് വരൻ വിവാഹ വേദിയിലെത്തിയത്. തുടക്കം മുതൽ ഇയാൾ വധുവിന്റെ ബന്ധുക്കളോട് അനാവശ്യകാര്യങ്ങൾ പറഞ്ഞ് ദേഷ്യപ്പെടുകയായിരുന്നു.

വിവാഹത്തിനെത്തിയ വരനെ അനുനയിപ്പിച്ചാണ് ബന്ധുക്കൾ ചടങ്ങ് പൂർത്തിയാക്കിയത്. എന്നാൽ ചടങ്ങുകൾ കഴിഞ്ഞതിന് പിന്നാലെ ഗ്രാമത്തിലെ റോഡുകളെ കുറിച്ചായി വരന്റെ പരാതി. തന്റെ കാറിന് ഈ റോഡിലൂടെ വരാനാകില്ലെന്ന് പറഞ്ഞ് വരൻ ബഹളം വെയ്‌ക്കുകയായിരുന്നു. തുടർന്ന് വധുവിനെ കൂട്ടാതെ വരനും ബന്ധുക്കളും സ്ഥലത്ത് നിന്ന് പോവുകയും ചെയ്തു. വധുവിന്റെ വീട്ടുകാർ നൽകിയ സ്ത്രീധനം മുഴുവനും വരനും കൂട്ടരും കൊണ്ട് പോവുകയും ചെയ്തു.

വർഷങ്ങൾക്ക് മുൻപ് പിതാവ് മരിച്ചതിനാൽ വധുവിന്റെ വിവാഹത്തിനുള്ള ചെലവുകൾ വഹിച്ചിരുന്നത് സഹോദരനാണ്. വിവാഹം ഇങ്ങനെ കലാശിച്ചതോടെ വധുവിന്റെ ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്. സംഭത്തിൽ വരന്റെ ബന്ധുക്കളെ കാര്യം പറഞ്ഞ് മനസിലാക്കാൻ ശ്രമിക്കുകയാണെന്നും ഇത് ഫലം കണ്ടില്ലെങ്കിൽ കേസെടുക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.