12 ലക്ഷം പേർക്ക് പനി, വടക്കൻ കൊറിയയിൽ അതിതീവ്ര കൊവിഡ് വ്യാപനം

0
26

ലോകം മുഴുവൻ കൊവിഡ് വ്യാപിച്ച് രണ്ടര വർഷത്തോടടുക്കുമ്പോൾ മാത്രമാണ് കൊവിഡ് മഹാമാരി സ്ഥിരീകരിച്ചെന്ന് വടക്കൻ കൊറിയ സമ്മതിക്കുന്നത് പോലും. ഇപ്പോൾ 12 ലക്ഷം പേരെങ്കിലും പനിബാധിതരാണെന്നാണ് കൊറിയൻ ഔദ്യോഗിക മാധ്യമങ്ങളുടെ റിപ്പോർട്ട്. പനി ബാധിച്ച് 50 പേർ മരിക്കുകയും ചെയ്തു. ഇതെല്ലാം കൊവിഡ് വ്യാപനം മൂലമാണെന്ന് തുറന്നു സമ്മതിക്കാൻ ഇപ്പോഴും മടിക്കുകയാണ് ഭരണകൂടം. വാക്സീൻ വിതരണം ചെയ്തിട്ടില്ലാത്ത രാജ്യത്ത്, കൊവിഡ് അതിവേഗം വ്യാപിക്കുമെന്ന ആശങ്ക നേരത്തെ തന്നെ ആരോഗ്യ വിദഗ്ധർക്കുണ്ടായിരുന്നു. അത് ശരിവയ്ക്കുന്നതാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. രാജ്യം സ്ഥാപിതമായതിന് ശേഷമുള്ള ഏറ്റവും വലിയ വിപത്തെന്നാണ് രാഷ്ട്രത്തലവൻ കിം ജോങ് ഉൻ കൊവിഡ് വ്യാപനത്തെ വിശേഷിപ്പിച്ചത്.
ആരോഗ്യപ്രവർത്തകർക്ക് ശാസന
രാജ്യത്തെ കൊവിഡ് വ്യാപനം വിലയിരുത്തിയ കിം ജോങ് ഉൻ മരുന്നുകളുടെ വിതരണം കാര്യക്ഷമമല്ലെന്ന് പറഞ്ഞ് ആരോഗ്യപ്രവർത്തകരെ ശാസിക്കുകയും ചെയ്തു. നിരുത്തരവാദപരമായ സമീപനമാണ് ജീവനക്കാരുടേതെന്നാണ് വിമർശനം. മരുന്നുകൾ ജനങ്ങളിലേക്ക് വേഗത്തിലും കൃത്യതയോടെയും എത്തുന്നില്ലെന്നും കിം വിലയിരുത്തി. സാഹചര്യം വേണ്ട വിധം കൈകാര്യം ഫാർമസികൾ സജ്ജരല്ലെന്നും കിം വിമർശിച്ചു. മരുന്നിന്‍റെയും മറ്റ് മെഡിക്കൽ സാമഗ്രികളുടെയും നീക്കം ഏകോപിപ്പിക്കാൻ ഉടനടി സൈന്യത്തെ രംഗത്തിറക്കിറക്കുകയും ചെയ്തു. തലസ്ഥാന നഗരത്തിലെ ചില ഫാർമസികൾ കിം സന്ദർശിച്ചതായും റിപ്പോർട്ടുണ്ട്. പരിശോധനാ സംവിധാനങ്ങളും കുറവാണ് കൊറിയയിൽ. അതുകൊണ്ട് തന്നെ ലക്ഷണങ്ങളുള്ള മുഴുവൻ പേരിലും പരിശോധന നടക്കുന്നുമില്ല. കണക്കുകൾ കൃത്യമായി പുറത്തുവിടാത്തത് കൊണ്ടുതന്നെ വ്യാപനം എത്രമാത്രം രൂക്ഷമാണെന്നതിൽ വ്യക്തതയൊന്നുമില്ല. വ്യാപനം തടയുന്നതിന്‍റെ ആദ്യപടിയായി കഴിഞ്ഞ ആഴ്ച തന്നെ രാജ്യവ്യാപക ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു.
സഹായ വാഗ്ദാനവുമായി തെക്കൻ കൊറിയ
വടക്കൻ കൊറിയ അടുത്തിടെ നടത്തിയ മിസൈൽ പരീക്ഷണങ്ങളിൽ അസ്വസ്ഥരാണ് തെക്കൻ കൊറിയ. പോരാത്തതിന് വടക്കൻ കൊറിയ വീണ്ടും ആണവായുധ പരീക്ഷണം നടത്തുമെന്ന ആശങ്കയുമുണ്ട് അവർക്ക്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം നല്ല നിലയിലല്ലെങ്കിലും അയൽക്കാരന് ആവശ്യമുള്ളപ്പോൾ സഹായവാഗ്ദാനവുമായി എത്തിയിരിക്കുകയാണ് തെക്കൻ കൊറിയ. കൊവിഡിനെ ചെറുക്കാൻ വടക്കൻ കൊറിയയെ സഹായിക്കാനുള്ള ഒരവസരവും പാഴാക്കില്ലെന്നാണ് തെക്കൻ കൊറിയൻ പ്രസിഡന്‍റ് യൂൺ സുക് യിയോൾ പറഞ്ഞത്. മാസ്കും ടെസ്റ്റ് കിറ്റുകളും വാക്സീനും നൽകാമെന്നാണ് വാഗ്ദാനം. ആവശ്യമെങ്കിൽ ആരോഗ്യപ്രവർത്തകരുടെ സേവനവും മറ്റ് സാങ്കേതിക സഹായങ്ങളും നൽകാൻ തയ്യാർ. എന്നാൽ വടക്കൻ കൊറിയ ഈ സന്ദേശം നയതന്ത്രതലത്തിൽ സ്വീകരിച്ചിട്ടേ ഇല്ല. നേരത്തെ തന്നെ ലോകരാജ്യങ്ങൾ വാഗ്ദാനം ചെയ്ത വാക്സീൻ വേണ്ടെന്ന് പറഞ്ഞിരുന്നു കിം. 2020 ജനുവരിയിൽ തന്നെ അതിർത്തികളടച്ചതിനാൽ കൊവിഡ് ബാധ ചെറുക്കാനായെന്നായിരുന്നു അന്ന് കിം പറഞ്ഞത്. വ്യാപനം അതിരൂക്ഷമായ പുതിയ സാഹചര്യത്തിൽ പുറമേ നിന്നുള്ള എന്തെങ്കിലും സഹായം സ്വീകരിക്കുമോ എന്ന് വരും ദിവസങ്ങളിൽ അറിയാം. രോഗവ്യാപനമുണ്ടെന്ന് കൊറിയ സമ്മതിക്കുന്നത് പോലും അന്താരാഷ്ട്ര സഹായം ലഭിക്കണമെന്നതിന്‍റെ സൂചനയാണെന്ന് വിലയിരുത്തുന്ന വിദഗ്ധരുണ്ട്. തെക്കൻ കൊറിയയിൽ നിന്ന് സഹായം സ്വീകരിച്ചില്ലെങ്കിലും ഐക്യരാഷ്ട്രസഭയോ ലോകാരോഗ്യ സംഘടനയോ സഹായവാഗ്ദാനവുമായി എത്തിയാൽ സ്വീകരിക്കാനും സാധ്യതയുണ്ട്. എന്നാൽ വാക്സീനടക്കമുള്ള ഇത്തരം സഹായങ്ങൾ സ്വീകരിച്ചാൽ അതിന്‍റെ സാങ്കേതിക വിവരങ്ങൾ മനസ്സിലാക്കാനും വിതരണം ചെയ്യാനും അന്യരാജ്യങ്ങളിൽ നിന്നുള്ളവരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കേണ്ടിവരും. കൊവിഡ് വ്യാപനം അടക്കം എല്ലാം രഹസ്യമാക്കി വയ്ക്കുന്ന കൊറിയക്ക് അത് ആത്മഹത്യാപരമാണ് താനും.
ഭക്ഷ്യക്ഷാമമുണ്ടാകുമെന്നും ആശങ്ക
കൊവിഡ് കൊറിയൻ ജനതയെ നേരിട്ട് ബാധിക്കുന്നതിനൊപ്പം ഭക്ഷ്യക്ഷാമവും രൂക്ഷമാക്കുമെന്നതാണ് ഉയരുന്ന മറ്റൊരു ആശങ്ക. അതിന് കാരണവും ഉണ്ട്. രാജ്യത്തെ രണ്ടരക്കോടി ജനങ്ങളിൽ ഒരു കോടിയിലേറെ പേർക്ക് മതിയായ പോഷകാഹാരം കിട്ടുന്നില്ലെന്നാണ് ലോക ഭക്ഷ്യ പദ്ധതിയുടെ കണക്ക്. കാർഷികവൃത്തിയെ രോഗവ്യാപനം ബാധിച്ചാൽ ഭക്ഷ്യോത്പാദനം വീണ്ടും കുറയുമെന്നും ഇത് വലിയ ഭക്ഷ്യക്ഷാമത്തിന് തന്നെ കാരണമായേക്കാമെന്നും ആശങ്കയുണ്ട്.