ഡിഎൻഎ പരിശോധനയിൽ കുഞ്ഞിന്റെ അച്ഛനല്ലെന്ന് തെളിഞ്ഞു; പോക്‌സോ കേസിൽ 24കാരനെ വെറുതെ വിട്ട് കോടതി

0
98

മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ 24കാരനെ കോടതി വെറുതെ വിട്ടു. പെൺകുട്ടി പ്രസവിച്ച കുഞ്ഞിന്റെ പിതാവ് ആരോപണവിധേയനായ യുവാവ് അല്ലെന്ന് ഡിഎൻഎ പരിശോധനയിൽ വ്യക്തമായതിന് പിന്നാലെയാണ് പോക്‌സോ കോടതി യുവാവിനെ വെറുതെ വിട്ടത്. 2016ലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയെ കേസിൽ കുടുക്കിയതാകാനുള്ള സാധ്യത തള്ളാനാകില്ലെന്ന് കോടതി പറഞ്ഞു. സംശയത്തിന്റെ ആനുകൂല്യം നൽകിയാണ് പ്രതിയെ വെറുതെ വിടുന്നതെന്നും കോടതി വ്യക്തമാക്കി.

പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണിയായി ഏഴ് മാസത്തിന് ശേഷമായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് പോലീസ് ചോദ്യം ചെയ്തപ്പോൾ യുവാവിന്റെ പേരാണ് കുട്ടി പറഞ്ഞത്. മൂന്ന് വർഷമായി അടുപ്പത്തിലായിരുന്നുവെന്നും പെൺകുട്ടി പറഞ്ഞു. പ്രതി ദുബായിലേക്ക് പോയതിനാൽ 2017 നവംബറിലാണ് അറസ്റ്റിലായത്. പിന്നീട് ഇരുവരുടേയും വിവാഹത്തിന് സമ്മതമാണെന്ന് കാണിച്ച് പെൺകുട്ടിയുടെ അമ്മ സത്യവാങ്മൂലം നൽകിയതോടെയായിരുന്നു യുവാവിന് ജാമ്യം ലഭിച്ചത്.

എന്നാൽ തന്നെ കേസിൽ കുടുക്കിയതാണെന്ന് വിചാരണ വേളയിൽ യുവാവ് ആരോപിച്ചിരുന്നു. പിന്നീടാണ് ഡിഎൻഎ ടെസ്റ്റ് നടത്തിയത്. പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് സംഭവത്തെ കുറിച്ച് അറിവുണ്ടായിരുന്നുവെന്നും കോടതി പറഞ്ഞു. പ്രതിയായ യുവാവിന് പെൺകുട്ടിയുമായി ബന്ധമില്ലെന്നും കുടുക്കിയതാണെന്നുമാണ് പ്രതിഭാഗം വാദിച്ചത്.