ആൻഡ്രോയ്ഡ് ഫോണുകളിൽ ഇനി കോൾ റെക്കോർഡിങ് സാധ്യമല്ല; ആപ്പുകൾ നിരോധിച്ച് ഗൂഗിൾ

0
101

സ്മാർട്ട് ഫോൺ ഉപയോക്താക്കൾ ഇഷ്ടപ്പെടുന്ന മൊബൈൽ ആപ്ലിക്കേഷനുകളിൽ ഒന്നാണ് കോൾ റെക്കോർഡിങ് ആപ്പുകൾ. എന്നാൽ ആൻഡ്രോയ്ഡ് ഫോണുകളിൽ നാം ഉപയോഗിക്കുന്ന കോൾ റെക്കോർഡിങ് ആപ്പുകൾ നിരോധിക്കുകയാണെന്ന് ഗൂഗിൾ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. മെയ് 11 വരെ മാത്രമേ ആപ്പുകൾ ഉപയോഗിക്കാൻ കഴിയൂവെന്നായിരുന്നു പ്രഖ്യാപനം. അതുപ്രകാരം ഇന്നുമുതൽ ആൻഡ്രോയ്ഡ് ഫോണുകളിൽ കോൾ റെക്കോർഡിങ് ആപ്പുകൾ ഉപയോഗിക്കാൻ കഴിയില്ലെന്നാണ് റിപ്പോർട്ട്.

ആൻഡ്രോയ്ഡ് സ്മാർട്ട് ഫോണുകളിൽ ബിൾട്ട്-ഇൻ ഫീച്ചറായി കോൾ റെക്കോർഡിങ് ഉള്ളവർക്ക് ഗൂഗിളിന്റെ പ്രഖ്യാപനം ബാധകമല്ല. ബിൾട്ട്-ഇൻ ഫീച്ചറായി കോൾ റെക്കോർഡിങ് ഇല്ലെങ്കിൽ മെയ് 11 മുതൽ ഉപഭോക്താക്കൾക്ക് കോളുകൾ റെക്കോർഡ് ചെയ്യാൻ കഴിയുകയില്ല. അതായത് തേർഡ്-പാർട്ടി മുഖേന (മറ്റ് ആപ്പുകൾ ഉപയോഗിച്ച്) കോൾ റെക്കോർഡ് ചെയ്യുന്നതാണ് ഗൂഗിൾ വിലക്കുന്നത്. ഗൂഗിളിന്റെ നിർദേശപ്രക്രാരം ട്രൂകോളർ ആപ്പിൽ നിലനിൽക്കുന്ന കോൾറെക്കോർഡിങ് ഫീച്ചർ മാറ്റുകയാണെന്ന് ട്രൂക്കോളറിന്റെ അധികൃതരും അറിയിച്ചിട്ടുണ്ട്.

നിർണായകമായ പല കണ്ടെത്തലുകളും പുറത്തുകൊണ്ടുവരാൻ സഹായിച്ചിട്ടുള്ള ഒരു ആപ്ലിക്കേഷൻ കൂടിയാണ് കോൾ റെക്കോർഡിങ് ആപ്പുകൾ. എന്നാൽ തേർഡ് പാർട്ടി മുഖേന റെക്കോർഡ് ചെയ്യുമ്പോൾ എതിർവശത്ത് ഫോണിൽ സംസാരിക്കുന്നയാൾക്ക് കോൾ റെക്കോർഡ് ചെയ്യുന്നുണ്ടെന്ന മുന്നറിയിപ്പ് ലഭിച്ചിരുന്നില്ല. ഇത് സ്വകാര്യതായെ ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആപ്പുകൾ നിരോധിക്കാൻ ഗൂഗിൾ തീരുമാനിച്ചത്. അതേസമയം ബിൾട്ട്-ഇൻ ഫീച്ചറായി റെക്കോർഡിങ് നൽകുന്ന ഫോണുകളിൽ കോൾ റെക്കോർഡ് ചെയ്യുമ്പോൾ എതിർവശത്ത് സംസാരിക്കുന്നയാൾക്ക് മുന്നറിയിപ്പ് ലഭിക്കുന്നു എന്നതാണ് സവിശേഷത. നിലവിൽ ഷവോമി, സാംസങിന്റെ ചില ഫോണുകൾ, ഗൂഗിൾ പിക്സൽ ഫോണുകൾ തുടങ്ങിയ കമ്പനികൾ മാത്രമാണ് ബിൾട്ട്-ഇൻ ഫീച്ചറായി കോൾ റെക്കോർഡിങ് ഓപ്ഷൻ സ്മാർട്ട് ഫോണുകളിൽ നൽകുന്നത്.