വെസ്റ്റ് ബാങ്കിലെ ജെനിന്‍ നഗരത്തില്‍ ഇസ്രായേല്‍ സൈനിക നടപടി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ അല്‍ജസീറ ചാനല്‍ ലേഖികയെ ഇസ്രായേല്‍ സൈന്യം തലയ്ക്ക് വെടിവെച്ചുകൊന്നു

0
30

വെസ്റ്റ് ബാങ്കിലെ ജെനിന്‍ നഗരത്തില്‍ ഇസ്രായേല്‍ സൈനിക നടപടി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ അല്‍ജസീറ ചാനല്‍ ലേഖികയെ ഇസ്രായേല്‍ സൈന്യം തലയ്ക്ക് വെടിവെച്ചുകൊന്നു. ചാനലിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഷിറിന്‍ അബൂ അഖ്‌ലയാണ് തലയ്ക്ക് വെടിയേറ്റ് ഗുരുതരമായ പരിക്കോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശേഷം മരിച്ചത്. ഇവര്‍ക്ക് 51 വയസ്സായിരുന്നു.
ഫലസ്തീനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷിറിന്റെ മരണം ഫലസ്തീന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ സ്ഥിരീകരിച്ചു. അതിനിടെ, ഫലസ്തീന്‍കാരും ഇസ്രായേല്‍ സൈന്യവും തമ്മില്‍ സംഘര്‍ഷം നടക്കുന്നതിനിടെയാണ് സംഭവമെന്നും ഇക്കാര്യം സംയുക്തമായി അന്വേഷിക്കുമെന്നും ഇസ്രായേല്‍ വിദേശകാര്യ മന്ത്രി അറിയിച്ചു. എന്നാല്‍, ഫലസ്തീന്‍ പോരാളികളാരും സ്ഥലത്തുണ്ടായിരുന്നില്ലെന്നും സംഘര്‍ഷത്തിലാണ് വെടിവെപ്പെന്ന ഇസ്രായേല്‍ വാദം കള്ളമാണെന്നും ഷിറിനൊപ്പം വെടിയേറ്റ സഹപ്രവര്‍ത്തകന്‍ അലി സമൗദി പറഞ്ഞു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് മാധ്യമപ്രവര്‍ത്തകരും ഇസ്രായേല്‍ വാദം നിഷേധിച്ചതായി അല്‍ ജസീറ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.