കൊച്ചി:തീവ്രവാദ സംഘടനയെ വെള്ളപൂശി തൃക്കാക്കരയിൽ സഹായം ഉറപ്പിക്കാൻ കോൺഗ്രസ് നേതൃത്വം.
എസ് ഡി പി ഐ യെ രാഷ്ട്രീയ പാർട്ടിയായി അംഗീകരിക്കണം എന്ന അവരുടെ ആവശ്യം കോൺഗ്രസ് നേതൃത്വം അംഗീകരിച്ചു.
പോപ്പുലർ ഫ്രണ്ട് നേതൃത്വവുമായി ഉന്നത കോൺഗ്രസ് നേതാവ് കൊച്ചിയിൽ നടത്തിയ രഹസ്യ ചർച്ചയിലാണ് ഈ കാര്യത്തിൽ ഡീൽ ഉറപ്പിച്ചത്.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഉടലെടുത്ത പരാജയ ഭീതിയിൽ നിന്നാണ് കൊണ്ഗ്രെസ്സ് നേതൃത്വം ഇത്തരം ഒരു ധാരണയ്ക്ക് തയ്യാറായത്.
പോപ്പുലർ ഫ്രണ്ടിന്റെ ഉന്നത നേതാവുമായി കോൺഗ്രസിന്റെ പ്രമുഖ നേതാവ് ഇന്നലെ രാത്രി കൊച്ചിയിലെ രഹസ്യ കേന്ദ്രത്തിലാണ് കൂടിക്കാഴ്ച നടത്തിയത്.എറണാകുളം എരമല്ലൂർ ചെറുവറ്റൂരിലെ ഒരു വീട്ടിൽ വെച്ചാണ് ഇരു നേതാക്കളും തമ്മിൽ ഒന്നര മണിക്കൂറോളം രഹസ്യ ചർച്ച നടത്തിയത്. എസ് ഡി പി ഐ യെ രാഷ്ട്രീയ പാർട്ടിയായി അംഗീകരിക്കണം എന്ന പോപ്പുലർ ഫ്രണ്ടിന്റെ ആവശ്യം കോൺഗ്രസ് നേതാവ് അംഗീകരിച്ചു.
ഇതോടെ തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് എല്ലാവിധ പിന്തുണയും ഉറപ്പു നൽകുന്നതായി പോപ്പുലർ ഫ്രണ്ട് നേതൃത്വം അറിയിച്ചു.എസ് ഡി പി യെ വർഗീയ സംഘടനയായി മുദ്രകുത്തി നിരന്തരം പ്രചരണം നടത്തുന്ന സിപിഎമ്മിന് തെരഞ്ഞെടുപ്പിൽ തിരിച്ചടി നൽകുന്നതിനാണ് യുഡിഎഫ് സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുന്നതെന്ന് പോപ്പുലർ ഫ്രണ്ട് നേതാവ് ചർച്ചയിൽ വ്യക്തമാക്കി.
ഭാവിയിലും കോൺഗ്രസ് പാർട്ടിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിനാണ് താൽപര്യമെന്നും ഇദ്ദേഹം ചർച്ചയിൽ നിലപാട് അറിയിച്ചു .തീവ്ര വാദ സംഘടന എന്ന ലേബലിൽ നിന്ന് പുറത്തു ചാടി ഭാവിയിൽ യുഡിഎഫ് ഘടക കക്ഷി ആകാൻ കഴിയുമോ എന്നതാണ് എസ് ഡി പി ഐ ഈ ഡീലിലൂടെ ലക്‌ഷ്യം വെക്കുന്നത് എന്നാണ് സൂചന
കോൺഗ്രസ് നേതൃത്വത്തിന് വേണ്ടി അവർ ചുമതലപ്പെടുത്തിയ ഹാരിസ് എന്ന ദൂതൻ എസ് ഡി പി ഐ സംസ്ഥാന നേതാവുമായി ഈ മാസം അഞ്ചാം തീയതി ബന്ധപെട്ടിരുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എസ് ഡി പി ഐ സ്ഥാനാർത്ഥിയെ നിർത്തുന്നുണ്ടോ എന്ന് ഈ ദൂതൻ മുഖേന കോൺഗ്രസ് നേതൃത്വം ആരാഞ്ഞിരുന്നു.ആ കാര്യം പാർട്ടിയുടെ പരിഗണയിൽ ആണെന്നും ഒരുമിച്ചു മത്സരിക്കുന്ന സാധ്യത തേടി സമാജ് വാദി പാർട്ടി നേതാക്കൾ സമീപിച്ചിട്ടുള്ളതായും എസ് ഡി പി ഐ നേതാവ് കോൺഗ്രസ് നേതൃത്വം അയച്ച ദൂതനെ അറിയിച്ചു.
മുൻപ് പല തെരഞ്ഞെടുപ്പ് സമയത്തും യു ഡി എഫ് നേതാക്കളുമായി ഒരുമിച്ചിരുന്നിട്ടുണ്ടെന്നും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു വ്യക്തമായ പ്ലാൻ പ്രൊപ്പോസ് ചെയ്തിരുന്നതാണെന്നും എസ്‌ഡിപിഐ നേതാവ് ദൂതൻ മുഖേനെ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു. ഇപ്പോൾ കോൺഗ്രസ്സിൽ നിന്നും ആരും തന്നെ ഇരുന്ന് സംസാരിക്കാൻ ഇതുവരെ തയ്യാറായിട്ടില്ലായെന്നും നിലപാടിൽ മാറ്റം ഉണ്ടെങ്കിൽ ചർച്ച ചെയ്യാൻ തയ്യാറാണെന്നും പോപ്പുലർ ഫ്രണ്ട് നേതൃത്വം കെ പി സി സി അയച്ച ദൂതനെ അറിയിച്ചു.
അതിനു മറുപടിയായി, പൂർണ്ണമായും നിലപാടിൽ മാറ്റം ഉണ്ടെന്നും തുടർ ചർച്ചകൾക്കായി കൊച്ചിയിലും കോഴിക്കോട്ടുമായി ചിലരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു
ഇതേ തുടർന്നാണ് ഇരു കൂട്ടരും തമ്മിലുള്ള നേരിട്ടുള്ള ചർച്ചയ്ക്ക് കളം ഒരുങ്ങിയത്.
ഈ മാസം ആറാം തീയതി ഉന്നത കോൺഗ്രസ് നേതാവ് എസ് ഡി പി ഐ സംസ്ഥാന നേതാവിനെ നേരിട്ട് ബന്ധപ്പെട്ടു. തുടർ ചർച്ചക്കായി സൗകര്യപ്രദമായ സ്ഥലം കണ്ടെത്തി അറിയിക്കാൻ എസ് ഡി പി ഐ നേതൃത്വം കെ പി സി സി നേതൃത്വത്തോട് ആവശ്യപ്പെടുകയും ചെയ്തു.
അങ്ങനെയാണ് ഇന്നലെ ഇരു കൂട്ടരും കൊച്ചിയിലെ
രഹസ്യ കേന്ദ്രത്തിൽ കൂടിക്കാഴ്ച നടത്തിയത്.
അതേസമയം,മുൻപ് പല തെരഞ്ഞെടുപ്പുകളിലും ഒളിഞ്ഞും തെളിഞ്ഞും സഹായം തേടിയിട്ടുണ്ടെങ്കിലും കൊണ്ഗ്രെസ്സ് ഉന്നത നേതൃത്വം മുൻകൈ എടുത്തു വർഗീയ സംഘടനകളുമായി സന്ധിചെയ്യാനുള്ള തീരുമാനം കൈകൊണ്ടത് തൃക്കാക്കരയിൽ മാത്രമല്ല സംസ്ഥാന രാഷ്ട്രീയത്തിൽ തന്നെ വരും ദിവസങ്ങളിൽ വലിയ ചർച്ചയാകുമെന്ന് ഉറപ്പാണ്