കെജ്രിവാളിനെ കൊല്ലുമെന്ന് ഭീഷണി; ബിജെപി നേതാവ് അറസ്റ്റിൽ

0
61

ഡൽഹി: ബിജെപി നേതാവ് തേജേന്ദ്ര പാൽ സിംഗ് ബഗ്ഗയെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ വധ ഭീഷണി മുഴക്കുകയും, ജാതിയുടെ അടിസ്ഥാനത്തിൽ സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയും ചെയ്‌തുവെന്ന കേസിലാണ് നടപടി. സംഭവത്തിൽ പ്രതിഷേധിച്ച് പഞ്ചാബ് സർക്കാരിനെതിരെ ബിജെപി രംഗത്തെത്തി.

ബിജെപിയുടെ യുവജന വിഭാഗത്തിന്റെ ദേശീയ സെക്രട്ടറിയാണ് ബഗ്ഗ. അരവിന്ദ് കെജ്രിവാളിനെ ജീവിക്കാൻ അനുവദിക്കില്ലെന്നായിരുന്നു ബഗ്ഗയുടെ ഭീഷണി. എഎപിയുടെ പരാതിയെ തുടർന്ന് കേസെടുത്ത പൊലീസ്, ഡൽഹിയിൽ എത്തിയാണ് ബിജെപി നേതാവിനെ അറസ്റ്റ് ചെയ്തത്. നടപടിക്ക് പിന്നാലെ പഞ്ചാബ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാക്കൾ രംഗത്തെത്തി.

എഎപി സർക്കാർ എതിരാളികളെ ഭയപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. ജനം നൽകിയ അധികാരം രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നത് ലജ്ജാകരമാണെന്ന് ഡൽഹി ബിജെപി വക്താവ് പ്രവീൺ ശങ്കർ കപൂർ കുറ്റപ്പെടുത്തി. തേജേന്ദ്ര പാൽ സിംഗ് ബഗ്ഗയുടെ മോചനത്തിനായി ജനം അണിനിരക്കണമെന്നും ശങ്കർ കപൂർ ആഹ്വനം ചെയ്തു.