ചിത്തിര ഉത്സവത്തിന്റെ രഥം വൈദ്യുതി ലൈനിൽ തട്ടി; വൈദ്യുതാഘാതമേറ്റ് 11 മരണം

0
131

ചെന്നൈ: തഞ്ചാവൂർ കാളിമേട് ക്ഷേത്രത്തിൽ വൈദ്യുതാഘാതമേറ്റ് 11 മരണം. ക്ഷേത്രത്തിൽ ചിത്തിര ഉത്സവത്തിന്റെ രഥം എഴുന്നള്ളിപ്പിനിടെയാണ് ദുരന്തം സംഭവിച്ചത്. രഥം വൈദ്യുതി ലൈനിൽ തട്ടിയാണ് അപകടമുണ്ടായത്. 10 പേർ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ഒരു വ്യക്തി ആശുപത്രിയിൽ വച്ചാണ് മരിച്ചത്.

പത്തിലേറെ പേർക്ക് പരുക്കേറ്റു. ഇതിൽ നാലുപേരുടെ നില ഗുരുതരമാണ്. 94-ാം അപ്പാർ ഗുരുപൂജയ്ക്കായി നിരവധി പേരാണ് ക്ഷേത്രത്തിൽ എത്തിയിരുന്നത്. നഗരവീഥിയിലൂടെ രഥം വലിക്കുന്ന ചടങ്ങിനിടെ രഥം ലൈൻ കമ്പിയിൽ കുരുങ്ങി ഷോക്കേൽക്കുകയായിരുന്നു. രഥം വലിച്ചിരുന്ന പത്ത് പേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.

വൈദ്യുതാഘാതമേറ്റ് നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രഥത്തിന് ചുറ്റും നിരവധി പേരാണ് തടിച്ചുകൂടിയിരുന്നത്. രഥത്തിൽ വൈദ്യുതാഘാതമേറ്റയുടൻ പൊടുന്നനെ തന്നെ ചുറ്റമുണ്ടായിരുന്നവർ അകന്ന് മാറിയതോടെ നിരവധി പേരുടെ ജീവനെടുത്തേക്കാമായിരുന്ന വലിയ ദുരന്തമാണ് തെന്നിമാറിയത്.