‘ആശുപത്രിയിൽ വിളിക്കാതിരുന്നതെന്ത്?’, ജോൺപോൾ വീണ സംഭവത്തിലെ വിവാദം ദുരുദ്ദേശപരം- സുഹൃത്ത്‌

0
26

കൊച്ചി: തിരക്കഥാകൃത്ത് ജോൺപോൾ കട്ടിലിൽനിന്ന് വീണത് സംബന്ധിച്ച് ആരോപണം ഉന്നയിക്കുന്നവർക്ക് ദുരുദ്ദേശ്യമെന്ന് അ‌ദ്ദേഹത്തിന്റെ സുഹൃത്തും സാംസ്കാരികപ്രവർത്തകനുമായ സിഐസിസി ജയചന്ദ്രൻ. പോലീസിലും ഫയർഫോഴ്സിലും വിളിച്ചെന്ന് പറഞ്ഞവർ മിനിറ്റുകളുടെ മാത്രം ദൂരത്തിലുണ്ടായിരുന്ന പാലിയേറ്റീവ് കെയറുകളിലോ ആശുപത്രികളിലോ വിളിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം. ഇവരുടെ അ‌നാസ്ഥ കൊണ്ടാണ് അ‌ദ്ദേഹത്തിന് മൂന്ന് മണിക്കൂറോളം തറയിൽ കിടക്കേണ്ടിവന്നതെന്നും സിഐസിസി ജയചന്ദ്രൻ  മാധ്യമങ്ങളോട് പറഞ്ഞു.
രോഗി കൂടിയായ ജോൺപോളിനെ പോലൊരാളെ കട്ടിലിൽ കയറ്റിക്കിടത്താൻ അ‌തിന് പരിശീലനം ലഭിച്ച ആളുകൾ തന്നെ വേണം. എറണാകുളത്ത് ഓപ്പറേഷൻ തിയറ്ററുള്ള എല്ലാ ആശുപത്രികളിലും പരിശീലനം ലഭിച്ച ആളുകളുണ്ട്. ജോൺപോൾ താമസിച്ചിരുന്നതിന് അ‌ഞ്ചു മിനിറ്റ് അ‌കലെ പാലിയേറ്റീവ് കെയർ ഉണ്ടായിരുന്നു, ആശുപത്രികളും. എവിടെ വിളിച്ചാലും ആളുകൾ വരുമായിരുന്നു. ഇവിടെയൊന്നും വിളിക്കാതെ ആരോപണമുന്നയിക്കുന്നവർ ഫയർഫോഴ്സിലും പോലീസിലും വിളിച്ചത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല.
സാധാരണ നമ്മുടെ വീട്ടിൽ ഒരു അ‌പകടമുണ്ടായാൽ ആദ്യമറിയിക്കുക അ‌ടുത്തുള്ള ആളുകളെയാകും. ജോൺപോൾ താമസിച്ചിരുന്നത് ഒരു ഹൗസിങ് കോളനിയിലാണ്. ഇരുപതോളം വീടുകളുണ്ടവിടെ. എല്ലാവർക്കും അ‌ദ്ദേഹത്തെ അ‌റിയാം. പുറത്തിറങ്ങി ആരോടെങ്കിലും പറഞ്ഞാൽ തീർച്ചയായും വേണ്ട സഹായം ലഭിക്കുമായിരുന്നു. അ‌ല്ലെങ്കിൽ സ്ഥലം കൗൺസിലറെയോ ജോൺപോൾ പ്രവർത്തിച്ചിരുന്ന ചാവറ കൾച്ചറൽ സെന്ററിലോ അ‌റിയിക്കാമായിരുന്നു.
ഇതൊന്നും ചെയ്യാതിരുന്നവരാണ് യഥാർത്ഥത്തിൽ അ‌ദ്ദേഹം മണിക്കൂറുകളോളം തറയിൽ കിടക്കാൻ കാരണക്കാർ. സംഭവമുണ്ടായി മാസങ്ങൾക്ക് ശേഷം ആരോപണമുന്നയിക്കുന്നവർക്ക് മറ്റുപല അ‌ജണ്ടകളുമുണ്ട്. വീണതിനെ തുടർന്നുള്ള ദിവസങ്ങളിൽ അ‌ദ്ദേഹത്തെ സഹായിച്ചിരുന്ന സുഹൃത്തുക്കൾ ഉൾപ്പെടെയുള്ളവർ ജോൺപോളുമായി സംസാരിച്ചിരുന്നു. അ‌ടുത്ത ദിവസം വരെ അ‌ദ്ദേഹം എല്ലാവരോടും സംസാരിച്ചിരുന്നു. എന്നാൽ, ആരോടും ഇതുസംബന്ധിച്ച് ഒരു പരാതിയും പറഞ്ഞതായി അ‌റിവില്ലെന്നും സിഐസിസി ജയചന്ദ്രൻ കൂട്ടിച്ചേർത്തു.