യുക്രൈനിലെ ചെറുപട്ടണങ്ങളെ അടക്കം വിടാതെ റഷ്യ

0
55

കീവ്: യുക്രൈനിലെ ചെറുപട്ടണങ്ങളെ അടക്കം വിടാതെ റഷ്യ. ട്രോസ്റ്റിയാനെറ്റ്‌സ് ടൗണിലെ കാഴ്ച്ച അതിഭീകരമാണ്. ട്രോസ്റ്റിയാനെറ്റ്‌സിലെ റെയില്‍വേ സ്‌റ്റേഷനില്‍ സമ്ബൂര്‍ണ നാശമാണ് റഷ്യ അഴിച്ചുവിട്ടിരിക്കുന്നത്.

റഷ്യന്‍ അതിര്‍ത്തിയില്‍ നിന്ന് 35 കിലോമീറ്റര്‍ മാത്രം അകലെയുള്ള ടൗണാണ് ട്രോസ്റ്റിയാനെറ്റ്‌സ്. ഇവിടെ കെട്ടിടങ്ങള്‍ തകര്‍ത്ത് തരിപ്പണമാക്കിയിരിക്കുകയാണ്. ബസ് സ്റ്റോപ്പുകള്‍ തിരിച്ചറിയാന്‍ പോലും സാധിക്കാത്ത വിധത്തില്‍ തകര്‍ത്ത് കളഞ്ഞു. വീടുകള്‍ അടക്കം റഷ്യയുടെ ആക്രമണത്തില്‍ കത്തി ചാമ്ബലായി. റഷ്യന്‍ സൈന്യം ആക്രമണം ആരംഭിക്കുന്നതിന് മുമ്ബ് തന്നെ സുമി മേഖലയില്‍ അതിര്‍ത്തിയിലുള്ള ടൗണുകളിലേക്ക് റഷ്യന്‍ സൈന്യം അതിക്രമിച്ച്‌ കയറിതുടങ്ങിയിരുന്നു.

അന്ന് മുതല്‍ തന്നെ ട്രോസ്റ്റിയാനെറ്റ്‌സ് നഗരത്തിലെ സാഹചര്യം കലുഷിതമായിരുന്നു. റഷ്യന്‍ സൈന്യത്തിന്റെ കൈവശമായിരുന്നു ടൗണ്‍. എന്നാല്‍ രണ്ടാഴ്ച്ചയോളമായി ഇവിടെ നിന്ന് റഷ്യന്‍ സൈന്യം പിന്‍മാറിയിട്ട്. എന്നാല്‍ റഷ്യയുടെ അധീനതയില്‍ വന്ന ശേഷം ഈ ടൗണിനെ കുറിച്ച്‌ ഭീകരമായ കാഴ്ച്ചകളാണ് സംസാരിക്കുന്നത്. ഒന്നും ഇവിടെ ഇനി അവശേഷിക്കുന്നില്ല. തകര്‍ത്ത് തരിപ്പണമാക്കിയെന്ന് തന്നെ പറയാം. അത്രയ്ക്ക് വേദനാജനകമായ കാഴ്ച്ചയാണ് നഗരത്തില്‍ കാണാന്‍ സാധിക്കുക. പ്രാദേശിക ആശുപത്രികളെ പോലും റഷ്യന്‍ സൈന്യം വെറുതെ വിട്ടിരുന്നില്ല. റഷ്യന്‍ പിന്‍വാങ്ങിയെങ്കിലും ഇപ്പോഴും ഭീഷണി നിലനില്‍ക്കുന്നുണ്ടെന്ന് യുക്രൈന്‍ പറയുന്നു.

റഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന 500 കിലോമീറ്റര്‍ ഭാഗത്താണ് സുമി മേഖലയുള്ളത്. റഷ്യന്‍ മിസൈലുകള്‍ ഏത് നിമിഷവും ഇവിടെ പതിഞ്ഞേക്കാം. വലിയ ഭീഷണിയാണ് ഇപ്പോഴുമുള്ളതെന്ന് സുമി ഒബ്ലാസ്റ്റ് പ്രവിശ്യയുടെ ഗവര്‍ണര്‍ ദിമിത്രോ സിവിറ്റ്‌സ്‌കി പറഞ്ഞു. റഷ്യ എല്ലാ ആയുധങ്ങളും അതിര്‍ത്തിയില്‍ എത്തിച്ചിരിക്കുകയാണ്. ഗ്രാമങ്ങളില്‍ രൂക്ഷമായ ആക്രമണം നടത്തിയ ശേഷം കുറ്റം യുക്രൈന്റെ തലയില്‍ കെട്ടിവെക്കാനാണ് റഷ്യയുടെ ശ്രമമെന്നും സിവിറ്റ്‌സ്‌കി പറഞ്ഞു. ഈ മേഖലയില്‍ രണ്ട് മാസത്തോളമായി റഷ്യന്‍ സൈന്യത്തിന്റെ സാന്നിധ്യമുണ്ട്. ട്രോസ്റ്റിയാനെറ്റ്‌സ്‌കില്‍ കെട്ടിടങ്ങളുടെ ചുമരുകളില്‍ വരെ രക്തത്തിന്റെ പാടുകളാണ്. റഷ്യയുടെ സൈനിക ജനറല്‍ ഈ മേഖലയിലാണ് കൊല്ലപ്പെട്ടതെന്ന് യുക്രൈന്‍ പറഞ്ഞു.

റഷ്യയെ തുരത്താനായി വന്‍ സൈനിക സന്നാഹത്തെയാണ് യുക്രൈന്‍ ഇറക്കിയത്. ദിവസങ്ങള്‍ നീണ്ട ഓപ്പറേഷനിലാണ് റഷ്യന്‍ സൈന്യത്തെ ഇവിടെ നിന്ന് തുരത്തിയത്. 20000 ടാങ്കറുകള്‍, ആയുധങ്ങള്‍ നിറച്ച വാഹനങ്ങള്‍, റോക്കറ്റ് ലോഞ്ചറുകള്‍, ഹൗവിറ്റ്‌സറുകള്‍ എന്നിവയെല്ലാം റഷ്യന്‍ സൈന്യത്തിന്റെ കൈവശമുണ്ടായിരുന്നു. ആയിരത്തോളം കെട്ടിടങ്ങളാണ് റഷ്യന്‍ സൈന്യം തകര്‍ത്തത്. 120 സാധാരണക്കാരാണ് ഈ മേഖലയില്‍ മാത്രം കൊല്ലപ്പെട്ടതെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഇവയെല്ലാം വീണ്ടും പണിതുണ്ടാക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. പാലങ്ങളും റോഡുകളും വരെ പുനര്‍നിര്‍മിക്കാനുണ്ട്. മറ്റൊരു നഗരമായ അക്തിര്‍ക്കയിലും റഷ്യയുടെ ആക്രമണത്തില്‍ തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ്. ഇവിടെ നിന്ന് ഒരുപാട് പേര്‍ പലായനം ചെയ്തു. പലര്‍ക്കും വീട് നഷ്ടമായി. സുരക്ഷിതമായ ഇടമില്ലാതെ ഇവര്‍ ബുദ്ധിമുട്ടുകയാണ്.

അതേസമയം ഈ നഗരത്തില്‍ 48000 പേര്‍ ജീവിച്ചിരുന്നു. ഇന്നിപ്പോള്‍ വെറും 24000 പേര്‍ മാത്രമാണ് ഉള്ളത്. വീടുകള്‍ എല്ലാം കാലിയാണ്. തെരുവുകളിലൊന്നും ആരുമില്ല. ശരിക്കുമൊരു പ്രേത നഗരമായി മാറിയിരിക്കുകയാണ് അക്തിര്‍ക്ക. പലായനം ചെയ്തവര്‍ ഇവിടേക്ക് തിരിച്ചെത്തുമോ എന്ന് പോലും ഉറപ്പില്ല.