Wednesday
24 December 2025
21.8 C
Kerala
HomeSportsഐഎസ്എൽ ഫൈനൽ നാളെ; കന്നിക്കിരീടം ലക്ഷ്യമിട്ട് ബ്ളാസ്‌റ്റേഴ്‌സും ഹൈദരാബാദും നേർക്കുനേർ

ഐഎസ്എൽ ഫൈനൽ നാളെ; കന്നിക്കിരീടം ലക്ഷ്യമിട്ട് ബ്ളാസ്‌റ്റേഴ്‌സും ഹൈദരാബാദും നേർക്കുനേർ

ഐഎസ്എൽ കിരീട പോരാട്ടത്തിന്റെ അവസാന അങ്കത്തിന് നാളെ കേരള ബ്ളാസ്‌റ്റേഴ്‌സും ഹൈദരാബാദ് എഫ്‌സിയും നേർക്കുനേർ. ഗോവയിൽ വൈകിട്ട് ഏഴരക്കാണ് ഫൈനൽ മൽസരത്തിന് വിസിൽ മുഴങ്ങുക.

മൂന്നാം ഫൈനൽ കളിക്കുന്ന ബ്ളാസ്‌റ്റേഴ്‌സും ആദ്യ ഫൈനലിന് ഇറങ്ങുന്ന ഹൈദരാബാദും കന്നിക്കിരീടം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്. ലീഗ് ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോൾ ബ്ളാസ്‌റ്റേഴ്‌സും ഹൈദരാബാദും ഓരോ കളിയിൽ ജയിച്ചു. ഫൈനലിൽ ജയം ആർക്കൊപ്പം നിൽക്കുമെന്ന് അറിയാൻ ആവേശപൂർവം കാത്തിരിക്കുകയാണ് ആരാധകർ.

സെമിയിൽ ലീഗ് വിന്നേഴ്‌സ് ഷീൽഡ് നേടിയ ജംഷഡ്പൂർ എഫ്‌സിയെ ഇരുപാദങ്ങളിലുമായി 2-1ന് തോൽപ്പിച്ചാണ് കേരളത്തിന്റെ മഞ്ഞപ്പട ഫൈനലിലെത്തിയത്. ഹൈദരാബാദ് എഫ്‌സിയാകട്ടെ കഴിഞ്ഞ സീസണിലെ റണ്ണറപ്പുകളായ എടികെ മോഹൻ ബഗാനെ 3-2ന് തോൽപ്പിച്ചാണ് ഫൈനൽ ടിക്കറ്റ് നേടിയത്.

അതേസമയം ഐഎസ്എൽ ഫൈനലിൽ കേരള ബ്ളാസ്‌റ്റേഴ്സിന് മഞ്ഞ ജഴ്സി ഇടാനാവില്ല. ലീഗ് ഘട്ടത്തിൽ കൂടുതൽ പോയിന്റ് നേടിയതിനാൽ ഹൈദരാബാദിന് ഹോം ജഴ്‌സിയായ മഞ്ഞ ജഴ്‌സി ധരിക്കാം. കറുപ്പിൽ നീലവരകളുള്ള ജഴ്സി ധരിച്ചാവും കേരള താരങ്ങളെത്തുക.

മൽസരത്തിന് വീര്യം പടരാൻ ഗ്യാലറിയെമ്പാടും കാണികളുമുണ്ടാകും. 18,000 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന സ്‌റ്റേഡിയത്തിലെ മുഴുവൻ ടിക്കറ്റും വിൽപനയ്‌ക്ക് വച്ചിരുന്നു. സംഘാടകർ മുഴുവൻ കാണികളെയും പ്രവേശിപ്പിക്കുമെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നെങ്കിലും ആരോഗ്യവകുപ്പിലെ വിദഗ്‌ദ സമിതി അംഗങ്ങൾ എതിർത്തത് അനിശ്‌ചിതത്വത്തിന് ഇടയാക്കി.

കാണികളുടെ എണ്ണം പരമാവധി 75 ശതമാനം ആവാമെന്നായിരുന്നു നിർദ്ദേശം. എന്നാൽ പിന്നീട് ഗോവ മെഡിക്കൽ കോളേജിൽ ചേർന്ന വിദഗ്‌ദ സമിതി യോഗം ഒടുവിൽ 100 ശതമാനത്തിന് സമ്മതം മൂളുകയായിരുന്നു.

RELATED ARTICLES

Most Popular

Recent Comments