പിഎഫ് വായ്‌പക്ക് പകരം ലൈംഗികബന്ധം ആവശ്യപ്പെട്ട സംഭവം; ഉദ്യോഗസ്‌ഥന് സസ്‌പെൻഷൻ

0
47

പിഎഫ് ലോൺ അനുവദിക്കാൻ അധ്യാപികയെ ലൈംഗിക വേഴ്‌ചക്ക് ക്ഷണിച്ച സംഭവത്തിൽ ഗെയിൻ പിഎഫ് നോഡൽ ഓഫിസർ ആർ വിനോയ് ചന്ദ്രനെതിരെ നടപടി. അന്വേഷണ വിധേയമായി ഇയാളെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്‌പെൻഡ് ചെയ്‌തു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തതിനും ഗുരുതര കൃത്യവിലോപം കാട്ടിയതിനുമാണ് നടപടി.

കാസർഗോഡ് ജില്ലാ വിദ്യാഭ്യാസ ഓഫിസിൽ ജൂനിയർ സൂപ്രണ്ടും ആയിരുന്നു വിനോയ് ചന്ദ്രൻ. ഇയാൾക്കെതിരെ വകുപ്പുതല അന്വേഷണം ഉടൻ ഉണ്ടാകും. നിലവിൽ വിനോയ് റിമാൻഡിലാണ്.മാർച്ച് 10നാണ് സംഭവം നടന്നത്. അധ്യാപികയെ ലൈംഗിക ചൂഷണത്തിനായി ഹോട്ടിലേക്ക് എത്താൻ വിനോയ് ആവശ്യപ്പെടുകയായിരുന്നു. അധ്യാപികയോട് ഒരു ഷർട്ട് കൂടി വാങ്ങിവരാൻ ഇയാൾ നിർദ്ദേശിച്ചിരുന്നു. എന്നാൽ അധ്യാപികയുടെ പരാതിപ്രകാരം അടുത്ത മുറിയിൽ കാത്തിരുന്ന വിജിലൻസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു.

കോട്ടയത്ത് വെച്ചാണ് വിനോയിയെ വിജിലൻസ് അറസ്‌റ്റ് ചെയ്‌തത്‌. ഫിനോഫ്‌തലിൻ പൊടി പുരട്ടി വിജിലൻസ് നൽകിയ ഷർട്ട് അധ്യാപികയിൽ നിന്ന് ഇയാൾ സ്വീകരിച്ചതിനു പിന്നാലെയായിരുന്നു അറസ്‌റ്റ്. മറ്റ് ചില അധ്യാപികമാരോടും ഇയാൾ അശ്‌ളീല ചാറ്റ് നടത്തിയെന്നും ലൈംഗിക ചൂഷണത്തിന് ശ്രമിച്ചുവെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു.