വിവാഹ പരസ്യം വഴി തട്ടിപ്പ് നടത്തി പത്ത് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേർ പിടിയിൽ. കോഴിക്കോട് സ്വദേശി അക്ഷയ്(28), സുഹൃത്ത് കൊല്ലം കടവല്ലൂർ സ്വദേശി അജി(42) എന്നിവരെയാണ് ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ കമ്പനിയിലെ ഉയർന്ന ജോലിക്കാരൻ എന്ന വ്യാജേന പരസ്യം നൽകി യുവതിയുമായി വിവാഹം ഉറപ്പിച്ച് പത്ത് ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.
സ്വകാര്യ കമ്പനിയിലെ ഉയർന്ന ജോലിക്കാരൻ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് ചങ്ങരംകുളത്തെ ഒരു അധ്യാപികയുടെ മകളുമായാണ് അക്ഷയ് വിവാഹം ഉറപ്പിച്ചത്. കഴിഞ്ഞ വർഷം ആർഭാടമായി വിവാഹ നിശ്ചയം നടത്തുകയും ചെയ്തിരുന്നു. വരന്റെ ബന്ധുക്കളായി എത്തിയത് സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റുകളായി അഭിനയിക്കുന്നവർ ആയിരുന്നു.
ഇതിനിടെ പിതാവ് അത്യാസന്ന നിലയിൽ ആണെന്നും ആശുപത്രിയിൽ ആണെന്നും ചികിൽസയ്ക്ക് വൻതുക ചിലവ് വരുമെന്നും പെൺവീട്ടുകാരെ വിശ്വസിപ്പിച്ച് പത്ത് ലക്ഷത്തിലധികം രൂപ യുവാവ് കൈക്കലാക്കുകയായിരുന്നു. തുടർന്ന് ഒളിവിൽപ്പോയ പ്രതികളെ കൊല്ലത്ത് നിന്നാണ് പോലീസ് പിടികൂടിയത്. കേരളത്തിലെ വിവിധ ജില്ലകളിലായി 15 ഓളം വിസ തട്ടിപ്പ് കേസുകളിലായി 2.5 കോടിയോളം രൂപ ഇവർ തട്ടിയെടുത്തതായി തിരൂർ ഡിവൈഎസ്പി വിവി ബെന്നി പറഞ്ഞു.