ഉക്രൈൻ – റഷ്യ വിഷയത്തിൽ നാറ്റോ ഇടപെട്ടാൽ അത് മൂന്നാം ലോക മഹായുദ്ധമായിരിക്കും: ജോ ബൈഡൻ

0
35

ഉക്രൈനിൽ റഷ്യ കെമിക്കൽ ആയുധങ്ങൾ പ്രയോഗിക്കുകയാണെങ്കിൽ അതിന് വലിയ വില നൽകേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. ഒരു മൂന്നാം ലോക മഹായുദ്ധം ഉണ്ടാകാനുള്ള സാഹചര്യങ്ങളെയും അതിലേക്ക് റഷ്യയെ നയിച്ചേക്കാവുന്നതിനെയും ഒഴിവാക്കാനാണ് യു.എസ് ശ്രമിക്കുന്നതെന്നും ബൈഡൻ പറഞ്ഞു.

യു.എസും ഉക്രൈനും യുദ്ധത്തിൽ ബയോളജിക്കൽ – കെമിക്കൽ വെപ്പണുകൾ ഉപയോഗിക്കുന്നുണ്ട് എന്ന റഷ്യയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു ബൈഡൻ. റഷ്യയും നാറ്റോയും തമ്മിൽ നേരിട്ട് പോരാടുന്നത് മൂന്നാം ലോക മഹായുദ്ധത്തിന് വഴിവെക്കുമെന്നും അത് തടയാനാണ് യു.എസ് ശ്രമിക്കുന്നതെന്നുമായിരുന്നു ബൈഡൻ പറഞ്ഞത്.

”ഞാൻ ഇന്റലിജൻസിനെക്കുറിച്ചല്ല സംസാരിക്കാൻ പോകുന്നത്. എന്നാൽ യുദ്ധത്തിൽ കെമിക്കലുകൾ ഉപയോഗിക്കുകയാണെങ്കിൽ റഷ്യ അതിന് വലിയ വില നൽകേണ്ടി വരും. ഉക്രൈനിൽ റഷ്യക്കെതിരായി ഒരു യുദ്ധത്തിൽ ഞങ്ങൾ ഏർപ്പെടില്ല. റഷ്യയും നാറ്റോയും തമ്മിൽ നേരിട്ട് പോരാടുന്നത് മൂന്നാം ലോക മഹായുദ്ധമാണ്- അത് തടയാനാണ് നമ്മൾ ശ്രമിക്കേണ്ടത്,” ബൈഡൻ പറഞ്ഞു.

അതേസമയം, റഷ്യയുടെ അഭ്യർത്ഥന മാനിച്ച് ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗൺസിൽ വെള്ളിയാഴ്ച പ്രത്യേക യോഗം ചേർന്നു. ഉക്രൈനിൽ ബയോളജിക്കൽ വെപ്പണുകൾ ഉപയോഗിക്കുന്നുണ്ടെന്ന റഷ്യയുടെ ആരോപണത്തിന്റെ പുറത്താണ് യോഗം ചേർന്നത്. ഉക്രൈന് യുദ്ധവിമാനങ്ങൾ നൽകാമെന്ന പോളണ്ടിന്റെ വാഗ്ദാനം യു.എസ് തള്ളിക്കളഞ്ഞു. മിഗ് 29, എസ്.യു 35 എന്നീ വിമാനങ്ങൾ ഉക്രൈന് നൽകാമെന്നായിരുന്നു പോളണ്ട് പറഞ്ഞത്.

ജെറ്റുകൾ പോളണ്ടിൽ നിന്നും ജർമനിയിലെ രാംസ്റ്റേനിലെ യു.എസ്  എയർബേസിലെത്തിക്കുന്നു, പിന്നീട് യു.എസ് അത് ഉക്രൈനിലെത്തിക്കുക എന്നതായിരുന്നു പോളണ്ട് മുന്നോട്ടുവെച്ച പദ്ധതി. എന്നാൽ പോളണ്ടിന്റെ പ്രൊപ്പോസൽ നാറ്റോ സഖ്യത്തിന് ആശങ്കയുണ്ടാക്കുന്നതാണ് എന്നായിരുന്നു അമേരിക്കയുടെ പ്രതികരണം. യു.എസിൽ നിന്നും എഫ് 16 വിമാനങ്ങൾ വാങ്ങാൻ ഉക്രൈൻ തീരുമാനിച്ചിട്ടുണ്ട്.