നടിയെ ആക്രമിച്ച കേസ്; പ്രതി മാർട്ടിൻ ആന്റണി ജയിൽ മോചിതനായി

0
32

നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതിയായ മാർട്ടിൻ ആന്റണി ജയിൽ മോചിതനായി. സുപ്രീം കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് മാർട്ടിൻ ജയിൽ മോചിതനായത്. അഞ്ച് വർഷത്തിനു ശേഷമാണ് മാർട്ടിൻ ജയിൽ മോചിതനാകുന്നത്. ബുധനാഴ്‌ചയാണ് സുപ്രീം കോടതി ഇയാൾക്ക് ജാമ്യം അനുവദിക്കുന്നത്.

ജാമ്യവ്യവസ്‌ഥ വിചാരണ കോടതിക്ക് നിർദ്ദേശിക്കാമെന്നും സുപ്രീം കോടതി വ്യക്‌തമാക്കിയിരുന്നു. കഴിഞ്ഞ 5 വർഷമായി മാർട്ടിൻ ജയിലിൽ കഴിയുകയാണെന്നും, മറ്റ് പല പ്രതികൾക്കും ഇതിനോടകം ജാമ്യം അനുവദിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി മാർട്ടിന് ജാമ്യം നൽകിയത്.

ജാമ്യം അനുവദിക്കുന്നത് നിർണായക ഘട്ടത്തിലുള്ള കേസിനെ ബാധിക്കുമെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നുമുള്ള സർക്കാരിന്റെ വാദം കോടതി തള്ളുകയായിരുന്നു. കൂടാതെ ജാമ്യത്തിന് കർശന ഉപാധികൾ വെക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. ജാമ്യ വ്യവസ്‌ഥകൾ വിചാരണ കോടതിക്ക് തീരുമാനിക്കാമെന്നാണ് സുപ്രീം കോടതി വ്യക്‌തമാക്കിയത്‌.

അതേസമയം അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലെ എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി പരിഗണിക്കുന്നത് വീണ്ടും മാറ്റി. ഈ മാസം 17ആം തീയതിയിലേക്കാണ് ഹരജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിയത്.