ആരോഗ്യ മേഖലയ്‌ക്ക് കരുത്തേകുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 2629.33 കോടി രൂപയാണ് ആരോഗ്യ മേഖലക്കായി അനുവദിച്ചത്. മുൻ വർഷത്തെക്കാൾ 288 കോടി രൂപയാണ് അധികമായി അനുവദിച്ചത്.
നാഷണൽ ഹെൽത്ത് മിഷന് വേണ്ടി 484.8 കോടിയും നാഷണൽ ആയുഷ് മിഷന് വേണ്ടി 10 കോടിയും സംസ്‌ഥാന വിഹിതമായി വകയിരുത്തിയിട്ടുണ്ട്. ആരോഗ്യ മേഖലയുടെ സമഗ്ര വികസനത്തിന് ഇത് സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യ മേഖല- ബജറ്റിലെ പ്രധാന വിവരങ്ങൾ
2022– 23ൽ സംസ്‌ഥാനത്ത് സാമൂഹ്യ പങ്കാളിത്തത്തോടെ സ്‌റ്റേറ്റ് ക്യാൻസർ സ്‌ട്രാറ്റജി അവതരിപ്പിക്കും. കാൻസർ പ്രതിരോധം സംബന്ധിച്ച് ശാസ്‌ത്രീയ അവബോധം നൽകുന്നതിനും ആശുപത്രികളിൽ കൂടുതൽ കാൻസർ ചികിൽസാ സൗകര്യങ്ങൾ ഒരുക്കുന്നതിനും ലക്ഷ്യമിടുന്നു.
കാൻസർ കെയർ സ്യൂട്ട് എന്ന പേരിൽ കാൻസർ രോഗികളുടെയും ബോൺമാരോ ഡോണർമാരുടെയും വിവരങ്ങളും സമഗ്ര കാൻസർ നിയന്ത്രണ തന്ത്രങ്ങളും ഉൾപ്പെടുത്തിയ സോഫ്റ്റ് വെയർ വികസിപ്പിക്കും.
തിരുവനന്തപുരം ആർസിസിക്ക് 81 കോടി രൂപ വകയിരുത്തി. ആർസിസിയെ സംസ്‌ഥാന കാൻസർ സെന്ററായി ഉയർത്തും.
കൊച്ചി കാൻസർ റിസർച്ച് സെന്ററിനെ ഒരു അപ്പെക്‌സ് സെന്ററായി വികസിപ്പിക്കും. 14.5 കോടി അനുവദിച്ചു. 360 കിടക്കകളുള്ള കെട്ടിടത്തിന്റെ ഒന്നാംഘട്ടം പൂർത്തിയാക്കും.
മലബാർ കാൻസർ സെന്ററിന് 28 കോടി അനുവദിച്ചു.
സാന്ത്വന പരിചരണത്തിന് നൂതന കോഴ്‌സുകൾ ആരംഭിക്കും. പാലിയേറ്റീവ് രംഗത്തെ സമഗ്ര പദ്ധകൾക്കായി 5 കോടി അനുവദിച്ചു.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 500 കോടി രൂപ അനുവദിച്ചു. ഈ പദ്ധതിയിലൂടെ ആരോഗ്യ ഇൻഷുറൻസിന്റെ പ്രീമിയം തുക പൂർണമായും വഹിക്കുന്ന ചിസ് സ്‌കീമിൽ ഉൾപ്പെട്ട 19.56 ലക്ഷം കുടുംബങ്ങൾ അടക്കം ആകെ 41.59 ലക്ഷം കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
സംസ്‌ഥാന മെഡിക്കൽ കോളേജുകളുടേയും തിരുവനന്തപുരം റീജിയണൽ ഇൻസ്‍റ്റിറ്റ്യൂട്ട് ഓഫ് ഒഫ്‌താൽമോളജിയുടെയും വികസനത്തിനായി 250.7 കോടി രൂപ വകയിരുത്തി.
കേരള ഡിജിറ്റൽ ഹെൽത്ത് മിഷനായി 30 കോടി അനുവദിച്ചു. വിവര വിനിമയ സാങ്കേതികവിദ്യ ആരോഗ്യ മേഖലയിൽ പ്രയോജനപ്പെടുത്തുക എന്നതാണ് ഈ പുതിയ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. വൺ സിറ്റിസൺ വൺ ഇലക്‌ട്രോണിക് ഹെൽത്ത് റെക്കോർഡ് എന്നതാണ് ഈ മിഷന്റെ പ്രധാന ലക്ഷ്യം.
കോവിഡാനന്തര പഠനങ്ങൾക്കും ഉചിതമായ ചികിത്സാ രീതിയുടെ വികസനത്തിനുമായി 5 കോടി.
അരിവാൾ രോഗികളുടെ കുടുംബങ്ങൾക്ക് ജീവിത വരുമാനം വർധിപ്പിക്കുന്ന പ്രവർത്തികൾക്ക് ഒറ്റത്തവണ ധനസഹായമായി 2 ലക്ഷം രൂപ അനുവദിക്കും. ഈ പദ്ധതിക്ക് 3.78 കോടി അനുവദിച്ചു.
മെഡിക്കൽ സംരംഭക ഇക്കോ സിസ്‌റ്റം സൃഷ്‌ടിക്കുന്നതിനായി മെഡിക്കൽ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട സ്‌ഥാപനങ്ങളെ കൂട്ടിയിണക്കി ഒരു കൺസോഷ്യം രൂപീകരിക്കും. 100 കോടി രൂപ ചിലവിൽ തിരുവനന്തപുരത്ത് മെഡിക്കൽ ടെക് ഇന്നൊവേഷൻ പാർക്ക് സ്‌ഥാപിക്കും.
ആരോഗ്യ സംരക്ഷണം, ജനിതക വൈകല്യങ്ങളുടെ പഠനം, പ്രാഥമിക മേഖലയുടെ ഉൽപാദന ക്ഷമത മെച്ചപ്പെടുത്തൽ, മെഡിക്കൽ, കാർഷിക, മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട് 500 കോടി രൂപ ചിലവിൽ കേരള ജനോമിക് ഡേറ്റാ സെന്റർ.
ആരോഗ്യ പരിപാലനത്തിനും സമൂഹത്തിന്റെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും പ്രയോജനകരമായ ന്യൂട്രാസ്യൂട്ടിക്കൽസിൽ ഒരു മികവിന്റെ കേന്ദ്രം സ്‌ഥാപിക്കുന്നതിന് ഡിപിആർ തയ്യാറാക്കുന്നതിന് 25 ലക്ഷം രൂപ വകയിരുത്തി.
ഇൻസ്‍റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ ന്യൂതന സംവിധാനങ്ങൾ ഏർപ്പെടുത്താനും ന്യൂക്ളിക് ആസിഡ് അടിസ്‌ഥാനമാക്കി വാക്‌സിനുകൾ വികസിപ്പിക്കൽ മോണോക്ളോണൽ ആന്റിബോഡി വികസിപ്പിക്കൽ എന്നിവയ്‌ക്ക് 50 കോടി അനുവദിച്ചു.