ഒരു കുടുംബത്തിലെ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ തീപിടുത്തത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. വീട്ടിലേക്ക് തീ പടർന്നത് ബൈക്കിൽ നിന്നാണെന്നാണ് പ്രാഥമിക നിഗമനം. പോലീസിന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ വീതിയിലെ കാർപോർച്ചിലെ ബൈക്കിലാണ് തീ ആദ്യം കാണുന്നത്. ബൈക്കിന്റെ ടാങ്ക് പൊട്ടി തീ ആളിപ്പടരുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
തൊട്ടടുത്തുള്ള വീടുകളിലെ സിസിടിവികൾ പരിശോധിച്ചപ്പോഴാണ് ഈ ദൃശ്യങ്ങൾ ലഭിച്ചത്. പുലർച്ചെ 1.46നാണ് തീ കത്തുന്നതായി സിസിടിവിയിൽ കാണുന്നത്. അഞ്ച് മിനിറ്റ് കഴിഞ്ഞ് തീ വീടിന്റെ ഭാഗത്തേക്ക് പടരുന്നതും പിന്നീട് ചെറിയൊരു പൊട്ടിത്തെറിയോടെ വീട്ടിലേക്ക് തീ വ്യാപിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്‌തമാണ്. സംഭവം നടന്ന് 25 മിനിറ്റിന് ശേഷമാണ് രക്ഷാപ്രവർത്തനം ആരംഭിക്കുന്നത്.
താഴെ നിന്നും മുകൾ നിലയിലേക്കാണ് തീ പടർന്നത്. പോർച്ചിൽ ബൈക്കുകൾ ഇരുന്നതിന്റെ മുകൾ ഭാഗത്ത് ഹോൾഡർ ഉണ്ടായിരുന്നു. അതിൽ സ്‌പാർക്കുണ്ടായി തീ ബൈക്കിലേക്ക് എത്തിയതാണെന്നാണ് സംശയം. തീപിടുത്തമുണ്ടായ വീട്ടിലും സിസിടിവി ഉണ്ടായിരുന്നു,. എന്നാൽ, തീ പിടുത്തത്തിൽ ഹാർഡ് ഡിസ്‌കിന് കേടുപാടുകൾ ഉണ്ടായി. ഇവയിലെ ദൃശ്യങ്ങൾ വീണ്ടെടുക്കാൻ ഫോറൻസിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്. വീട്ടിൽ നിന്ന് ലഭിച്ച മൊബൈൽ ഫോണുകളും ഫോറൻസിക് പരിശോധനക്ക് അയച്ചിട്ടുണ്ട്.
സിസിടിവി ദൃശ്യങ്ങളിൽ അപകട സമയത്ത് അസ്വാഭാവികമായി ആരെയും കണ്ടില്ല. അപകടം ആസൂത്രിതമല്ലെന്ന് പോലീസ് സ്‌ഥിരീകരിച്ചിട്ടുണ്ട്. ആരുമായും സാമ്പത്തിക ബാധ്യതയോ ശത്രുതയോ മരിച്ച പ്രതാപനും കുടുംബത്തിനും ഉണ്ടായിരുന്നില്ലെന്നും പോലീസ് പറയുന്നു.