‘എങ്ങനെയെങ്കിലും സര്‍ക്കാര്‍ അവനെ തിരികെയെത്തിക്കണം’; ഉക്രൈനിയന്‍ പട്ടാളത്തില്‍ ചേര്‍ന്ന മകനെ തിരികെയെത്തിക്കാന്‍ അപേക്ഷിച്ച് പിതാവ്

0
45

ഉക്രൈന്‍ പട്ടാളത്തില്‍ ചേര്‍ന്ന മകനെ തിരികെയെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോടപേക്ഷിച്ച് പിതാവ്. തമിഴ്‌നാട് കോയമ്പത്തൂര്‍ സ്വദേശി രവിചന്ദ്രനാണ് തന്റെ മകനെ തിരിച്ചെത്തിക്കാന്‍ സര്‍ക്കാറിനോടപേക്ഷിക്കുന്നത്. ഉക്രൈനിയില്‍ പട്ടാളത്തോടൊപ്പം ചേര്‍ന്ന് റഷ്യയ്‌ക്കെതിരെ പോരാടുന്ന തമിഴ്‌നാട്ടുകാരന്‍ സായ്‌നികേഷ് രവിചന്ദ്രനെ തിരിച്ചെത്തിക്കാനാണ് പിതാവ് സര്‍ക്കാരിനോടഭ്യര്‍ത്ഥിക്കുന്നത്. ഖാര്‍കീവ് നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ എയറോസ്‌കോപ് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയാണ് സായ്‌നികേഷ്.

റഷ്യന്‍ പട്ടാളത്തോട് യുദ്ധം ചെയ്യാനാഗ്രഹിക്കുന്ന സിവിലിയന്‍സിനും ഉക്രൈന്‍ നാഷണല്‍ ഫോഴ്‌സിനൊപ്പം അണിചേരാമെന്ന സെലന്‍സ്‌കിയുടെ ആഹ്വാന പ്രകാരമാണ് സായ്‌നികേഷ് ഉക്രൈനിയന്‍ പട്ടാളത്തോടൊപ്പം ചേര്‍ന്നത്. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ തമിഴ്‌നാട്ടിലെ സായ്‌നികേഷിന്റെ വീട്ടിലെത്തി അന്വേഷിക്കുമ്പോല്‍ മാത്രമാണ് മകന്‍ ഉക്രൈന്‍ പട്ടാളത്തില്‍ ചേര്‍ന്നതായി കുടുംബം അറിയുന്നത്.

‘ഞങ്ങള്‍ വളരെയധികം വിഷമത്തിലാണ്. ഇന്ത്യന്‍ സര്‍ക്കാറിനോട് എന്റെ മകനെ എങ്ങനെയെങ്കിലും തിരികെയെത്തിക്കാന്‍ ഞാന്‍ അപേക്ഷിക്കുകയാണ്. ദിവസങ്ങള്‍ക്ക് മുമ്പ് സുരക്ഷിതനാണെന്ന് അവന്‍ അറിയിച്ചിരുന്നു. എന്നാല്‍ തിരികെ വരാനാവശ്യപ്പെട്ടിട്ടും അവന്‍ അനുസരിച്ചില്ല,’ സൈനികേഷിന്റെ അച്ഛന്‍ അന്താരാഷ്ട്ര മാധ്യയമായ ഐ.എ.എന്‍.എസ്സിനോട് പറഞ്ഞു.

സായ്‌നികേഷിന് ചെറുപ്പം മുതല്‍ തന്നെ ഇന്ത്യന്‍ മിലിറ്ററിയില്‍ ചേരാന്‍ ആഗ്രഹമുണ്ടായിരുന്നതായും അവന്‍ അതിനായി നിരവധി തവണ ശ്രമിച്ചിരുന്നതായും എന്നാല്‍ അതില്‍ പരാജയപ്പെടുകയുമായിരുന്നുവെന്നും സൈനികേഷിന്റെ മാതാപിതാക്കള്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരോട് പറഞ്ഞതായി ഐ.എ.എന്‍.എസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അമേരിക്കന്‍ ആംഡ് ഫോഴ്‌സില്‍ ചേരാന്‍ സായ്‌നികേഷിന് ആഗ്രഹമുണ്ടായിരുന്നതായും ഇതിനായി ചെന്നൈയിലെ യു.എസ് കോണ്‍സുലേറ്റില്‍ ചെന്ന് അന്വേഷണം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ അത് സാധ്യമാവില്ല എന്നറിഞ്ഞതോടെ അവന്‍ നിരാശനായി വീട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നും മാതാപിതാക്കള്‍ പറഞ്ഞു.