ഇന്ത്യൻ വിദ്യാർത്ഥി ഉക്രൈൻ സൈന്യത്തില്‍ ചേര്‍ന്നു, സൈനിക യൂണിഫോമില്‍ നില്‍ക്കുന്ന ചിത്രം പുറത്ത്

0
54

ഇന്ത്യക്കാരനായ ഒരു വിദ്യാര്‍ഥി റഷ്യക്കെതിരായ പോരാട്ടത്തിന് ഉക്രൈൻ സൈന്യത്തില്‍ ചേര്‍ന്നതായി റിപ്പോർട്ട്. കോയമ്പത്തൂര്‍ സ്വദേശിയായ സായി നികേഷ് രവിചന്ദ്രന്‍ എന്ന വിദ്യാര്‍ഥിയാണ് സൈന്യത്തിനൊപ്പം ചേര്‍ന്നത്. ഖാര്‍കിവ് എയറോനോട്ടിക്കല്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ഥിയാണ് സായി നികേഷ്. ഉക്രൈന്റെ ഇന്റര്‍നാഷണല്‍ ലീജിയണ്‍ ഫോര്‍ ടെറിറ്റോറിയല്‍ ഡിഫെന്‍സിലാണ് സായ് ചേര്‍ന്നത്. ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ കോയമ്പത്തൂരിലെ സായി നികേഷിന്റെ വീട്ടിലെത്തി വിവരം ശേഖരിച്ചു.

സൈനിക യൂണിഫോമില്‍ ആയുധങ്ങളുമായി നില്‍ക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. സായി നികേഷിനെ ഫോണില്‍ കിട്ടുന്നില്ലെന്ന് വിശദമാക്കിയ കുടുബം കൂടുതല്‍ പ്രതികരിച്ചില്ല. 2018ലാണ് സായി നികേഷ് ഉക്രൈനിലേക്ക് പോയത്. കോയമ്പത്തൂരിലെ തുടിയലൂര്‍ സ്വദേശിയാണ് 21കാരനായ സായി നികേഷ്. സ്‌കൂള്‍ പഠനം അവസാനിച്ച ശേഷം രണ്ടു തവണ ഇന്ത്യന്‍ സേനയില്‍ ചേരാന്‍ സായി നികേഷ് ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സംഘര്‍ഷം ആരംഭിച്ചത് മുതല്‍ സായി നികേഷിനെ ബന്ധപ്പെടാന്‍ കുടുംബത്തിന് സാധിച്ചില്ല. തുടര്‍ന്ന് പരിഭ്രാന്തരായ ബന്ധുക്കള്‍ നയതന്ത്രകാര്യാലയവുമായി ബന്ധപ്പെടുകയായിരുന്നു. അതുവഴി സെെനികേഷിനെ ബന്ധപ്പെട്ടപ്പോഴാണ് താന്‍ ഉക്രൈന്‍ സൈന്യത്തില്‍ ചേര്‍ന്നതായി യുവാവ് ബന്ധുക്കളെ അറിയിക്കുന്നത്.