തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ കാട്ടാക്കട വീരണകാവ് സ്വദേശി ഗായത്രിയെ കൊല്ലുന്നതിനുമുമ്പ് ബൈക്കിൽ നഗരത്തിൽ കറങ്ങിയെന്നും ചോക്കോബാറും കൂള്ഡ്രിഗ്സും വാങ്ങിനൽകിയെന്നും പ്രവീണിന്റെ മൊഴി. ഗായത്രിയുമായുള്ള പ്രണയം കുടുംബബന്ധം തകരാനും ജോലി സ്ഥലത്തുണ്ടായ മാനക്കേടിനും ഭാര്യയും മക്കളുമായി പിണക്കത്തിനും കാരണമായതില്‍ ദിവസങ്ങളായി പ്രവീണ്‍ അസ്വസ്ഥനായിരുന്നു. തമിഴ്നാട്ടിലെ ജോലി സ്ഥലത്തേക്ക് പോകുന്നതിന് മുന്നോടിയായി ഗായത്രിയെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി പ്രണയബന്ധത്തില്‍ നിന്ന് പിന്മാറ്റുകയായിരുന്നു ലക്ഷ്യം. ഇതിനായാണ് തമ്പാനൂരിൽ ഹോട്ടലിൽ മുറിയെടുത്ത്. മുറിയെടുത്തശേഷം ബൈക്കില്‍ കാട്ടാക്കടയെത്തിയ പ്രവീണ്‍ അവിടെ നിന്ന് ഗായത്രിയുമായി നഗരത്തിലേക്ക് തിരിച്ചു.
നഗരത്തിൽ കറങ്ങുന്നതിനിടെ ഹോട്ടലില്‍ കയറി ഉച്ചഭക്ഷണം കഴിച്ചു. വീട്ടില്‍ നിന്ന് ആഹാരം കഴിച്ചതിനാല്‍ ഊണ് കഴിക്കാന്‍ ഗായത്രി വിസമ്മതിച്ചെങ്കിലും പ്രവീണിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഗായത്രി തനിക്ക് ഇഷ്ടപ്പെട്ട ചോക്കോബാറും കൂള്ഡ്രിഗ്സും കഴിച്ചു. ഭക്ഷണത്തിനുശേഷം ചിരിച്ചുല്ലസിച്ചാണ് ഇരുവരും നഗരത്തിലെ ഹോട്ടലിലെത്തിയത്. ഹോട്ടല്‍ മുറിയില്‍ രണ്ട് മണിക്കൂറോളം ചെലവഴിച്ചശേഷമാണ് സ്ഥലംമാറ്റം ലഭിച്ച തമിഴ്നാട്ടിലെ ജോലി സ്ഥലത്തേക്കുള്ള യാത്രയെച്ചൊല്ലി പ്രവീണും ഗായത്രിയും തമ്മില്‍ തര്‍ക്കമുണ്ടായത്. ജോലി സ്ഥലത്തേക്ക് തന്നെയും കൂട്ടണമെന്ന് ഗായത്രി ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കാന്‍ പ്രവീണ്‍ തയ്യാറായില്ല.
വാക്കുതർക്കത്തിനിടെ ഗായത്രി തന്റെ ചുരിദാർ ഷാൾ പ്രവീണിന്റെ കഴുത്തില്‍ കുരുക്കി മുറുക്കാന്‍ ശ്രമിച്ചു. ഗായത്രി വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്ന് മനസിലായതോടെ ഷാള്‍ പിടിച്ചുവാങ്ങിയ പ്രവീണ്‍ ഗായത്രിയുടെ കഴുത്തില്‍ ചുറ്റി മുറുക്കി. ഷാള്‍ മുറുകിയതോടെ അബോധാവസ്ഥയിലായ ഗായത്രി മുറിയില്‍ വീണു. തുടർന്ന് ഹോട്ടൽ മുറിയിൽ നിന്നും പോകുകയായിരുന്നു. ഇതിനിടെ ഗായത്രിയുടെ ഫോണില്‍ നിന്ന് സഹോദരിയുടെ ഫോണിലേക്ക് വിളിച്ച് ഗായത്രി തനിക്കൊപ്പമുണ്ടെന്ന് അറിയിക്കുകയും ചെയ്തു. പൊലീസ് പിന്തുടരുന്നുവെന്ന് മനസിലാക്കിയതോടെ കീഴടങ്ങുകയായിരുന്നു.
അതേസമയം, ഗായത്രിയുടെ കൊലപാതക കേസ് അന്വേഷണചുമതല ഫോര്‍ട്ട് അസി.കമീഷണര്‍ക്ക് കൈമാറി. പട്ടികജാതി-വര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരമാണ് അന്വേഷണം ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന് കൈമാറി സിറ്റി പൊലീസ് കമീഷണര്‍ സ്പര്‍ജന്‍കുമാര്‍ ഉത്തരവിറക്കിയത്. പ്രവീൺ ഇപ്പോൾ റിമാൻഡിലാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഇയാളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്ന് ഫോര്‍ട്ട് അസി.കമീഷണര്‍ എസ് ഷാജി പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി പ്രവീണിന്റെ ഭാര്യയില്‍നിന്ന് പൊലീസ് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.