ചെങ്ങന്നൂര്‍ കോടുകുളഞ്ഞിയില്‍ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിക്ക് വധശിക്ഷ. ബംഗ്ലാദേശ് പൗരനായ ലബിലു ഹസനാണ് (39) മാവേലിക്കര അഡീഷണല്‍ ജില്ലാ കോടതി വധ ശിക്ഷ വിധിച്ചത്. രണ്ടാം പ്രതിയായ ജൂവല്‍ ഹസന് (24) ജീവപരന്ത്യം തടവ് ശിക്ഷയും വിധിച്ചു.
2019 നവംബര്‍ 11 ന് ചെങ്ങന്നൂര്‍ കോടുകുളഞ്ഞി കരോട് ആഞ്ഞിലിമൂട്ടില്‍ എപി ചെറിയാന്‍, ഭാര്യ ഏലിക്കുട്ടി ചെറിയാന്‍ എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് വിധി. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. ദമ്പതികളെ കൊലപ്പെടുത്തി 45 പവന്‍ സ്വര്‍ണവും 17,000 രൂപയും കവര്‍ന്ന കേസിലാണ് വിധി.
2019 നവംബര്‍ 11 നാണ് കേസിന് ആസ്‌പദമായ സംഭവം. ദമ്പതികളുടെ വീട്ടില്‍ ജോലിക്കെത്തിയ പ്രതികള്‍ വീട്ടില്‍ സ്വര്‍ണം ഉണ്ടെന്ന് മനസിലാക്കിയാണ് കൊലപാതകം ആസൂത്രണം ചെയ്‌തത്. തലയ്ക്കടിച്ചാണ് എ പി ചെറിയാന്‍, ഭാര്യ ഏലിക്കുട്ടി ചെറിയാന്‍ എന്നിവരെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം പ്രതികള്‍ 45 പവന്‍ സ്വര്‍ണ്ണവും പതിനേഴായിരം രൂപയും കവര്‍ന്നു. സംഭവ ശേഷം കടന്നു കളഞ്ഞ പ്രതികളെ വിശാഖപട്ടണം റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് അറസ്റ്റ് ചെയ്‌തത്.
കൊലപാതകം, അതിക്രമിച്ചു കയറല്‍, കവര്‍ച്ച തുടങ്ങി പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്ന എല്ലാ കുറ്റങ്ങളും സംശയാതീതമായി തെളിഞ്ഞതായി കോടതി കണ്ടെത്തി.