അന്താരാഷ്ട്ര വനിതാദിനം വേറിട്ട രീതിയിൽ ആഘോഷിച്ച് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റ്(കിലെ ). വ്യത്യസ്തമായ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന കേരളത്തിലുടനീളമുള്ള തെരഞ്ഞെടുക്കപ്പെട്ട 13 വനിതാതൊഴിലാളികളെ കിലെയുടെ നേതൃത്വത്തിൽ ആദരിച്ചു.പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ചടങ്ങ് ഉദ്ഘാടനം ചെയ്തു. വ്യത്യസ്ത മേഖലയിലെ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന ചന്ദ്രിക, രാജി, ഷിനി, കത്രീന കാട്ടുക്കാരൻ, രേഖ കാർത്തികേയൻ, മെറിൻഡ, ശ്രീദേവി ഗോപാലൻ, ആയിഷ, ഷീജ, പത്മാവതി, റുഖിയ, ലക്ഷ്മി എന്നിവരെ ആരോഗ്യവും വനിതാ – ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ് ആദരിച്ചു.
ഇവരുടെ ജീവിതകഥ ആസ്പദമാക്കി തയ്യാറാക്കിയ ‘ഉയരെ’ എന്ന പുസ്തകത്തിന്റെ പ്രകാശനം സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി, തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറി മിനി ആന്റണി, ഐ.എ.എസിന് നൽകി നിർവഹിച്ചു.
അസംഘടിതമേഖലയിൽ ബഹുഭൂരിപക്ഷവും സ്ത്രീകളാണ്. അവരെ കൂടുതൽ പ്രാപ്തിയുള്ളവരാക്കി സമൂഹത്തിന്റെ ഉന്നതിയിലേക്ക് കൊണ്ടുവരികയാണ് കിലെയുടെ പ്രധാന ലക്ഷ്യമെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. സമൂഹം പുരുഷന് മാത്രമേ ചെയ്യാൻ കഴിയൂവെന്ന് മുദ്രകുത്തിയിരുന്ന ചില തൊഴിലുകളേറ്റെടുത്ത് ചെയ്താണ് ഇവർ സമൂഹത്തിന് മാതൃകയാകുന്നതെന്നും, ഇവരെ പ്രത്യേകം അഭിനന്ദിക്കുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.
സ്ത്രീകളുടെ അവകാശ സംരക്ഷണവും സ്ത്രീകൾക്ക് നീതി ലഭിക്കേണ്ടതും പുരുഷൻമാർ ഉൾപ്പെടെയുള്ള പൊതുസമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും, തൊഴിൽ മേഖലയിലെ അസമത്വങ്ങൾ അവസാനിപ്പിക്കുന്നതിനും സ്ത്രീ മുന്നേറ്റത്തിനും സർക്കാർ കൂടെയുണ്ടെന്നും ആദരിക്കൽ ചടങ്ങിന്റെ ഉദ്ഘാടനം നടത്തിയ മന്ത്രി വീണാ ജോർജ് പറഞ്ഞു. വനിതാദിനത്തിൽ ഇത്തരത്തിലൊരു വ്യത്യസ്തമായ പരിപാടി സംഘടിപ്പിച്ച കിലെയുടെ പ്രവർത്തനം അഭിനന്ദനാർഹമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
വ്യത്യസ്തമായ തൊഴിലുകളിൽ ഏർപ്പെട്ട് ജീവിതം പുലർത്തുന്ന സ്ത്രീകൾ സമൂഹത്തിന് മാതൃകയാണെന്ന് വനിതാകമ്മീഷൻ അധ്യക്ഷ പി. സതീദേവി പറഞ്ഞു.
പ്ലാനിംഗ് ബോർഡ് അംഗങ്ങളായ ഡോ. കെ.രവിരാമൻ, പ്രൊഫ. മിനി സുകുമാർ എന്നിവർ പ്രഭാഷണം നടത്തി. കിലെ ചെയർമാൻ കെ.എൻ.ഗോപിനാഥ് അധ്യക്ഷനായ ചടങ്ങിൽ കിലെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങളായ ടി.കെ.രാജൻ, ജി.ബൈജു, കെ. മല്ലിക എന്നിവർ ആശംസയർപ്പിച്ചു. കിലെ എക്സിക്യൂട്ടീവ് ഡയറക്ടർ സുനിൽതോമസ് സ്വാഗതവും സീനിയർ ഫെലോ ജെ.എൻ. കിരൺ നന്ദിയും പറഞ്ഞു. തുടർന്ന് “സ്ത്രീ സുരക്ഷയും നിയമങ്ങളും” എന്ന വിഷയത്തിൽ ശിൽപശാല നടത്തി. അഡ്വ.അംശു വാമദേവൻ വിഷയാവതരണം നടത്തി.