തലശേരി പുന്നോലിൽ സിപിഐ എം പ്രവർത്തകൻ ഹരിദാസനെ വെട്ടിവീഴ്ത്തി നുറുക്കിയത് ബിജെപി മണ്ഡലം പ്രസിഡന്റ് കെ ലിജേഷും മണ്ഡലം സെക്രട്ടറി പ്രിജീഷ് എന്ന മൾട്ടി പ്രജിയും ചേർന്നാണെന്ന് പൊലീസ്. ബിജെപിയുടെ നേതാക്കൾ തന്നെ അരുംകൊലയിൽ നേരിട്ട് പങ്കാളികളായത് നാടിനെയാകെ ഞെട്ടിച്ചു. കൊലപാതകം ആസൂത്രണം ചെയ്തതും ജില്ലാ–-സംസ്ഥാന നേതാക്കളാണെന്ന വിവരവും ഇതോടെ വ്യക്തമാകുന്നു.
മീൻപിടിത്തം കഴിഞ്ഞെത്തിയ ഹരിദാസൻ പുലർച്ചെ ഒന്നരമണിക്കാണ് വീട്ടുമുറ്റത്തിട്ട് വെട്ടിയരിഞ്ഞത്. പകതീരാതെ ഇടതുകാൽ വെട്ടിയെടുത്തു. ദിവസങ്ങളോളം പിന്തുടർന്നാണ് കൊലയാളി സംഘം ഹരിദാസന്റെ ജീവനെടുത്തത്. നാലാമത്തെ തവണയാണ് ലക്ഷ്യം കൈവരിച്ചത്. 22 വെട്ടുകളിൽ ജീവനെടുത്തത് മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം.
കസ്റ്റഡിയിൽ വാങ്ങിയുള്ള പൊലീസ് ചോദ്യംചെയ്യലിൽ കൊലയുമായി ബന്ധമില്ലെന്ന മറുപടി ആവർത്തിച്ചു. ഡിജിറ്റൽ തെളിവുകൾ നിരത്തി പൊലീസ് ചോദ്യംചെയ്തതോടെ ഗത്യന്തരമില്ലാതെ പത്തിമടക്കി. കൊലക്കുപയോഗിച്ച വാളും വസ്ത്രങ്ങളും യാത്രചെയ്ത സ്കൂട്ടറും കാട്ടിക്കൊടുത്തു.
ബിജെപി മണ്ഡലം സെക്രട്ടറി മൾട്ടി പ്രജി പങ്കാളിയായ മൂന്നാമത്തെ കൊലപാതകമാണിത്. ബിജെപിയിലെ കൊലയാളി സംഘത്തിന്റെ ഗ്യാങ് ലീഡർ എന്നാണ് മൾട്ടി മൾട്ടി പ്രജി അറിയപ്പെടുന്നത്. മാഹിയിലെ കണ്ണിപ്പൊയിൽ ബാബു, നങ്ങാറത്തുപീടികയിലെ കെ പി ജിജേഷ് എന്നിവരെ അരുംകൊല ചെയ്തസംഘത്തിൽ പ്രജിയുണ്ടായിരുന്നു. മണ്ഡലം പ്രസിഡന്റ് മറ്റു കൊലപാതകങ്ങളിലും അക്രമത്തിലും പങ്കെടുത്തിട്ടുണ്ടെങ്കിലും വിലങ്ങുവീഴുന്നത് ഇതാദ്യം. ഹരിദാസൻ വധത്തിൽ 13 പേർ ഇതിനകം അറസ്റ്റിലായി.