തല്ലുമാല ഷൂട്ടിംഗ് ലൊക്കേഷനില്‍ സംഘര്‍ഷം: മാലിന്യം തള്ളുന്നത് ചോദ്യം ചെയ്ത നാട്ടുകാരനെ ഷൈന്‍ ടോം ചാക്കോ തല്ലിയെന്ന് ആരോപണം

0
86

 

ടൊവിനോ തോമസ് ചിത്രം തല്ലുമാല ഷൂട്ടിംഗ് സെറ്റില്‍ സംഘര്‍ഷം. ലൊക്കേഷനിലെ മാലിന്യം ഇടുന്നതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. മാലിന്യമിടുന്നത് ചോദ്യം ചെയ്ത നാട്ടുകാരനെ നടന്‍ ഷൈന്‍ ടോം ചാക്കോ തല്ലിയെന്നാണ് ആരോപണം. എച്ച്‌എംഡി മാപ്പിളാസ് ഗോഡൗണില്‍ വെച്ച്‌ സിനിമയുടെ ചിത്രീകരണം നടക്കവെയാണ് വാക്കേറ്റവും ഉന്തുംതള്ളും ഉണ്ടായത്.

ഷൈന്‍ ടോം ചാക്കോ തല്ലിയതിനെ തുടര്‍ന്ന് പരിക്കേറ്റ ഷമീര്‍ എന്നയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ രാത്രിയും സ്ഥലത്ത് തര്‍ക്കമുണ്ടായിരുന്നു. നാട്ടുകാരാണ് മര്‍ദ്ദിച്ചതെന്ന് സിനിമാ പ്രവര്‍ത്തകര്‍ പറഞ്ഞു. സംഭവത്തില്‍ ആരും പരാതി നല്‍കിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. മാലിന്യം ഇടുന്നതിനേയും പൊതുനിരത്തില്‍ വാഹനം പാര്‍ക്ക് ചെയ്തതിനേയും നാട്ടുകാര്‍ ചോദ്യം ചെയ്തു.

നാട്ടുകാരുമായി ചിത്രത്തിന്റെ അണിയവര്‍ത്തകരും ഷൈനും ചേര്‍ന്ന് വാക്കേറ്റം നടത്തിയെന്നും ആരോപണമുണ്ട്. ഇതിനിടെ ടൊവിനോയും സംഭവത്തില്‍ ഇടപെട്ടു. പൊലീസ് സ്ഥലത്ത് എത്തി ഇരുകൂട്ടരുമായി സംസാരിച്ച്‌ സ്ഥിതിഗതികള്‍ ശാന്തമാക്കി. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് തല്ലുമാല.