വനിതാദിനത്തിൽ ദിലീപിന് വൻ തിരിച്ചടി; നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം റദ്ദാക്കില്ല; ദിലീപിന്റെ ഹർജി തള്ളി

0
99

വനിതാദിനത്തിൽ ദിലീപിന് നടൻ വൻ തിരിച്ചടി. നടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച കേസിൽ തുടരന്വേഷണം മുന്നോട്ട്‌ കൊണ്ടുപോകാമെന്ന്‌ ഹൈക്കോടതി. അടുത്ത മാസം 15നകം തുടരന്വേഷണം പൂർത്തിയാക്കണമെന്നും കോടതി നിർദ്ദേശിച്ചു. തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ പ്രതി നടൻ ദിലീപ്‌ നൽകിയ ഹർജി തള്ളിയാണ്‌ ഹൈക്കോടതി ഉത്തരവായത്‌.

കേസില്‍ ക്രൈംബ്രാഞ്ചിന് അന്വേഷണം തുടരാമെന്നും ഏപ്രില്‍ 15 നകം തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നുമാണ് കോടതി വ്യക്തമാക്കിയത്. ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ മെറിറ്റിലേക്ക് ഇപ്പോള്‍ പോകുന്നില്ലെന്നും കോടതി പറഞ്ഞു. തുടരന്വേഷണം നടത്താന്‍ അന്വേഷണ സംഘത്തിന് ഏത് ഘട്ടത്തിലും അവകാശമുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതിയുടെ നടപടി.

വിസ്താരം അവസാനഘട്ടത്തില്‍ എത്തിനില്‍ക്കെ തുടരന്വേഷണം പാടില്ല എന്ന ചട്ടം എവിടെയുമില്ല. സുപ്രീംകോടതി തന്നെ പല ഘട്ടത്തില്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്. ഒരു കേസിന്റെ വിസ്താരം കഴിഞ്ഞ് വിധി വന്നാല്‍ പോലും പുതിയ വെളിപ്പെടുത്തല്‍ അന്വേഷിക്കുന്നതിന് നിയമപരമായി തടസമില്ല. ഈ കേസിലും സമാനമായ വെളിപ്പെടുത്തലാണ് ഉണ്ടായത്. ആ ഘട്ടത്തിലാണ് തങ്ങള്‍ തുടരന്വേഷണം നടത്തുന്നതെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദിച്ചത്.

എന്നാല്‍ കേസിന്റെ വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് തുടരന്വേഷണം എന്നായിരുന്നു ദിലീപിന്റെ വാദം. തനിക്കെതിരെ തെളിവില്ലെന്ന് കണ്ടതോടെ ബാലചന്ദ്രകുമാറിനെ രംഗത്തിറങ്ങി കള്ള തെളിവുകള്‍ ഉണ്ടാക്കാന്‍ പ്രോസിക്യൂഷന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് ദിലീപ് വാദിച്ചത്. ദിലീപിന്റെ ഹർജിക്കെതിരെ ആക്രമിക്കപ്പെട്ട നടി എതിർ കക്ഷി ചേർന്നിരുന്നു. തുടരന്വേഷണം ചോദ്യം ചെയ്യാന്‍ പ്രതിക്ക് കഴിയില്ല. തന്നെ കേള്‍ക്കാതെ തീരുമാനമെടുക്കുന്നത് തനിക്ക് നീതി ലഭിക്കുന്നതില്‍ പരിഹരിക്കാന്‍ കഴിയാത്ത വലിയ നഷ്ടമുണ്ടാക്കുമെന്നും നടി വ്യക്തമാക്കി.

കേസിലെ പരാതിക്കാരിയാണ് ഞാന്‍. നിയമപരമായി പ്രതിക്ക് തുടരന്വേഷണത്തെ ചോദ്യം ചെയ്യാന്‍ കഴിയില്ല. പല കേസുകളിലും സുപ്രീം കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിനാല്‍ നിയമപരമായി ദിലീപിന്റെ ഹര്‍ജി നിലനില്‍ക്കില്ല. ഹര്‍ജിക്കെതിരെ മൂന്നാം എതിര്‍കക്ഷിയായി തന്നെ ചേര്‍ക്കണമെന്ന് അതിജീവിതയുടെ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോസ്ഥര്‍ വിചാരണക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ വിചാരണ കോടതിക്ക് നിര്‍ദേശം നല്‍കണമെന്നുമായിരുന്നു ദിലീപിന്റെ ഹരജിയിലെ ആവശ്യം. എന്നാല്‍ ഈ ആവശ്യം കോടതി തള്ളി.