കണ്ടക്ടറുടേത് കൃത്യവിലോപം, സസ്‌പെന്‍ഷന്‍; കെഎസ്ആര്‍ടിസിയില്‍ അധ്യാപിക അതിക്രമം നേരിട്ട സംഭവത്തില്‍ നടപടി

0
107

കെഎസ്ആര്‍ടിസി ബസില്‍ അധ്യാപികയെ സഹയാത്രികന്‍ അപമാനിച്ച സംഭവത്തില്‍ കണ്ടക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. കൃത്യവിലോപം ചൂണ്ടിക്കാട്ടിയാണ് നടപടി. കോഴിക്കോട് ഡിപ്പോയിലെ കണ്ടക്ടർ ജാഫറിനെയാണ് സസ്പെൻഡ് ചെയ്തത്.

കോഴിക്കോട് സ്വദേശിനിയായ അധ്യാപികയ്ക്ക് യാത്രക്കാരനില്‍ നിന്ന് മോശം അനുഭവം നേരിട്ട സംഭവത്തില്‍ കാര്യക്ഷമമായി കണ്ടക്ടര്‍ ഇടപെട്ടില്ലെന്നാണ് കെഎസ്ആര്‍ടിസിയുടെ വിലയിരുത്തല്‍. കെഎസ്ആർടിസി വിജിലൻസ് ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

സംഭവം നടന്ന ഉടനെ അധ്യാപിക ഇക്കാര്യം പരാതിപ്പെട്ടെങ്കിലും കണ്ടക്ടർ ഗൗരവമായി കണ്ട് ഇടപെട്ടിരുന്നില്ല. അധ്യാപികയെ സമാശ്വസിപ്പിച്ച് പ്രശ്നം അവസാനിപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. വിഷയത്തിൽ വേണ്ട നിയമ നടപടി സ്വീകരിക്കാൻ തയ്യാറാകാഞ്ഞ കണ്ടക്ടറുടെ നടപടി ഗുരുതര കൃത്യവിലോപമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ടക്ടർക്കെതിരെ ഇന്ന് തന്നെ നടപടി സ്വീകരിക്കാൻ ഗതാഗതമന്ത്രി ആന്റണി രാജു നിർദേശം നൽകിയിരുന്നു.