ഡിജിപിയുടെ വ്യാജ വാട്സാപ്‌ ഉപയോഗിച്ച്‌ തട്ടിപ്പ്‌: അന്വേഷകസംഘം ഡൽഹിയിൽ

0
39

സംസ്ഥാന പൊലീസ്‌ മേധാവിയുടെ വ്യാജ വാട്‌സാപ്‌ ഉപയോഗിച്ച്‌ കൊല്ലം സ്വദേശിനിയിൽനിന്ന്‌ പണം തട്ടിയ കേസിൽ അന്വേഷണം ഡൽഹിയിലേക്ക്‌ വ്യാപിപ്പിച്ചു. ഡൽഹിയിലെ ലക്ഷ്‌മി നഗർ, ഉത്തംനഗർ എന്നീ ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ്‌ അന്വേഷണം.

ഓൺലൈൻ ലോട്ടറിയടിച്ചെന്ന്‌ വിശ്വസിപ്പിച്ചാണ്‌ അധ്യാപികയിൽനിന്ന്‌ 14 ലക്ഷം രൂപ തട്ടിയെടുത്തത്‌. നികുതിയടച്ചില്ലെങ്കിൽ നിയമനടപടി നേരിടേണ്ടി വരുമെന്ന്‌ സംസ്ഥാന പൊലീസ്‌ മേധാവിയുടെ വ്യാജ വാട്‌സാപ്പിൽനിന്ന്‌ അധ്യാപികയ്‌ക്ക്‌ സന്ദേശം വന്നിരുന്നു. ഇതേതുടർന്നാണ്‌ ഇവർ പണം നൽകിയത്‌.

പ്രതികൾ വാട്‌സാപ്‌ സന്ദേശമയച്ച മൊബൈൽ നമ്പർ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ്‌ ഇവർ ഡൽഹിയിലുണ്ടെന്ന സൂചന ലഭിച്ചത്‌. മൊബൈൽ ടവർ, കോൾ രജിസ്റ്റർ എന്നിവയെ പിന്തുടർന്നാണ്‌ സൈബർ പൊലീസ്‌ ഡിവൈഎസ്‌പി ശ്യാംലാലിന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നത്‌.

സിഐ പി ബി വിനോദ്‌കുമാർ, എസ്‌ഐ കെ ബിജുലാൽ, എഎസ്‌ഐമാരായ എൻ സുനിൽകുമാർ, കെ ഷിബു, സിപിഒമാരായ വി യു വിജീഷ്‌, എസ്‌ സോനുരാജ്‌ എന്നിവരാണ്‌ ഡൽഹിയിൽ അന്വേഷണത്തിന്‌ എത്തിയത്‌.