വെടിനിര്‍ത്തല്‍ പരാജയം; സുമിയില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ നിര്‍ത്തിവെച്ച് ഇന്ത്യന്‍ എംബസി

0
55

ഉക്രൈന്‍ നഗരമായ സുമിയില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ ഇന്ത്യന്‍ എംബസി നിര്‍ത്തിവെച്ചു. റഷ്യ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ പരാജയമാണെന്ന് കാണിച്ചാണ് ഇന്ത്യക്കാരെ സുമി നഗരത്തില്‍ നിന്നും ഒഴിപ്പിക്കുന്നത് നിര്‍ത്തിവെച്ചിരിക്കുന്നത്. ബസ് പോകേണ്ട വഴികളില്‍ സ്‌ഫോടനം നടക്കുന്നതായും എംബസി പ്രതികരിച്ചു. വിദ്യാര്‍ത്ഥികളോട് സുരക്ഷിത സ്ഥലങ്ങളില്‍ കഴിയാനും പുതിയ ഉത്തരവ് ലഭിക്കുന്നത് വരെ നിലവില്‍ കഴിയുന്ന ഇടങ്ങളില്‍ തുടരാനും എംബസി നിര്‍ദേശിച്ചു.

ഉക്രൈന്‍ തലസ്ഥാനമായ കീവിന് പുറമെ മരിയോപോള്‍, ഖാര്‍ക്കീവ്, സുമി എന്നിവിടങ്ങളിലായിരുന്നു റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ജനങ്ങളെ ഒഴിപ്പിക്കുന്നതിന് മനുഷ്യത്വ ഇടനാഴിക്ക് വേണ്ടിയാണ് വെടിനിര്‍ത്തല്‍ നടപ്പിലാക്കുന്നതെന്നായിരുന്നു റഷ്യയുടെ പ്രതിരോധ മന്ത്രാലയം പറഞ്ഞത്.

അതേസമയം, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. ടെലിഫോണ്‍ സംഭാഷണം 50 മിനിറ്റോളം നീണ്ടുനിന്നു. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനും സുരക്ഷിത ഇടനാഴിക്കും പുടിന് മോദി നന്ദി അറിയിച്ചു.